ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം; കെ സുരേന്ദ്രൻ തുടരുമെന്ന പ്രകാശ് ജാവ്ഡേക്കറുടെ പ്രസ്താവന പ്രസിദ്ധീകരിക്കാതെ ജന്മഭൂമി

single-img
8 January 2023

ബിജെപി സംസ്ഥാന നേതാക്കൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾക്കിടെ, ബിജെപിയുടെ കേരളാ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രൻ തുടരുമെന്ന കേന്ദ്ര നേതാവായ പ്രകാശ് ജാവ്ഡേക്കറുടെ പ്രസ്താവന വാർത്ത പാര്‍ട്ടി പത്രമായ ജന്മഭൂമി പ്രസിദ്ധീകരിച്ചില്ല.

ഈ വിഷയം വ്യാപക ചർച്ചയായതോടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് ജന്മഭൂമി എംഡി പ്രതികരിച്ചു. കെ സുരേന്ദ്രൻ സംസ്ഥാന ബിജെപിയുടെ അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിൽ ബിജെപിയിൽ അഭിപ്രായ വ്യത്യാസമെന്ന നിലയിൽ വിലയിരുത്തലുകൾ പ്രചരിക്കുന്നതിനിടെയാണ് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിക്കാതിരുന്നത്.

പൂർണ്ണമായും ആർഎസ്എസ് നിയന്ത്രണത്തിലുള്ള ജന്മഭൂമിയുടെ ഈ നടപടി സുരേന്ദ്രനോടുള്ള എതിർപ്പിൻറെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ സാഹചര്യത്തിൽ കെ സുരേന്ദ്രനെ മാറ്റുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കൊണ്ടാണ് ഇന്നലെ ആലപ്പുഴയിൽ കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്ഡേക്കർ കേന്ദ്ര നേതൃത്വത്തിൻറെ നിലപാട് വ്യക്തമാക്കിയത്.

കെ സുരേന്ദ്രൻ തന്നെ ഇനിവരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് നയിക്കുമെന്ന പ്രഖ്യാപനം മാധ്യമങ്ങളെല്ലാം വലിയ വാർത്തയാക്കിയപ്പോൾ ജന്മഭൂമി ഇത് പ്രസിദ്ധീകരിച്ചിരുന്നില്ല . മുൻപും സമാനമായി സുരേന്ദ്രനുമായി ബന്ധപ്പെട്ട പല വാർത്തകളും ജന്മഭൂമി പ്രാധാന്യം കുറച്ചുനൽകിയെന്ന പരാതി നിലനിൽക്കെയാണ് നിർണ്ണായക പ്രഖ്യാപന വാർത്തയും ഒഴിവാക്കിയത്.