സംസാരിച്ചാൽ 90 ലക്ഷം രൂപ വരെ പിഴ; ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിദേശ ഭാഷകൾ നിരോധിക്കാൻ ഇറ്റലി

single-img
2 April 2023

ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിദേശ ഭാഷകൾ നിരോധിക്കാൻ നീക്കവുമായി ഇറ്റലിയിലെ തീവ്ര വലതുപക്ഷ ഭരണകൂടം. രാജ്യത്തെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ഇനി മുതൽ ഇറ്റാലിയൻ അല്ലാത്ത ഭാഷ സംസാരിച്ചാൽ 90 ലക്ഷം രൂപ വരെ പിഴ ചുമത്താനാണ് നീക്കം നടക്കുന്നത്.

രാജ്യത്തിന്റെ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോനിയുടെ പാർട്ടിയായ ‘ബ്രതേഴ്‌സ് ഓഫ് ഇറ്റലി’ അംഗമാണ് ഇതിനായുള്ള ഒരു ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ഇറ്റലി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള സെർച്ച് എൻജിൻ സോഫ്റ്റ്വെയറായ ചാറ്റ്ജിപിടിക്ക് നിരോധനം ഏർപ്പെടുത്തിയത് വലിയ വാർത്തയായതിനു പിന്നാലെയാണ് ഈ പുതിയ നീക്കം.

രാജ്യത്ത് വ്യാപകമാകുന്ന ഇംഗ്ലീഷ് ഭാഷാ ഭ്രമം തടയാനാണ് പ്രധാനമായും നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഇറ്റാലിയൻ പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയാൽ വിദേശഭാഷാ നിരോധനം ഇറ്റലിയിൽ നിയമമാകും. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലുമെല്ലാം ഇംഗ്ലീഷ് സംസാരിച്ചാൽ ഒരു ലക്ഷം യൂറോ(ഏകദേശം 89.33 ലക്ഷം രൂപ)യാകും പിഴ ചുമത്തുക.

നിലവിൽ ബില്ലിനുമേലുള്ള തുടർനടപടികൾ എന്നുണ്ടാകുമെന്ന് വ്യക്തമല്ല. ഇറ്റാലിയൻ ഭാഷ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവരുന്നതെന്നാണ് വിശദീകരണം. ‘ഫാഷന്റെ കാര്യമില്ല ഇത്. ഫാഷൻ വരും, പോകും. എന്നാൽ, ഇംഗ്ലീഷ് ഭ്രമത്തിന്റെ ആഘാതം സമൂഹത്തിനു മൊത്തത്തിലാണ്.’-കരടുബില്ലിൽ ചൂണ്ടിക്കാട്ടുന്നു.

ഇറ്റാലിയൻ ഭാഷയെ വളർത്തുകയും സംരക്ഷിക്കുകയും വേണമെന്നും ആവശ്യമുണ്ട്. ഇംഗ്ലീഷ് ഭാഷ ഇറ്റാലിയൻ ഭാഷയെ നശിപ്പിക്കുകയും ഭാഷയുടെ അന്തസ്സ് കുറയ്ക്കുകയും ചെയ്യുകയാണെന്ന് കരടുബില്ലിൽ ആരോപിക്കുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടിട്ടും മറ്റു രാജ്യങ്ങൾ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നത് വിരോധാഭാസകരവും തെറ്റായ നടപടിയുമാണെന്നും വിമർശനവുമുണ്ട്.