കെ സുധാകരനെതിരെയുള്ളത് രാഷ്ട്രീയ കേസല്ല, തട്ടിപ്പ് കേസ്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

single-img
29 June 2023

കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെയുള്ളത് രാഷ്ട്രീയ കേസല്ല എന്നും തട്ടിപ്പ് കേസാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സുധാകരനെതിരെയുള്ള കേസിനെ നിയമപരമായി നേരിടുമെന്ന് പറയുന്നവര്‍ രാഷ്ട്രീയമായി നേരിടുമെന്ന് പറയാത്തത് എന്തുകൊണ്ടാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചോദിച്ചു.

ഓലപ്പാമ്പ് കാട്ടി സിപിഐഎമ്മിനെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട, പേടിക്കാന്‍ മനസില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസിൽ ഉൾപ്പെട്ട പ്രതി മോന്‍സണ്‍ മാവുങ്കലിനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെതിരെ ഉള്ളത് സിപിഎം നല്‍കിയ കേസല്ല. ഫേസ്ബുക്കില്‍ എഴുതിയത് ചര്‍ച്ച ചെയ്യാനാണ് ചിലരുടെ ശ്രമം. പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാന്‍ പറ്റില്ല.

കള്ളപ്രചാരണങ്ങളെ മൈന്‍ഡ് ചെയ്യില്ല. പുകമറ സൃഷ്ടിച്ച് പാര്‍ട്ടിയെ കരിവാരി തേയ്ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമം നടത്തുന്നുണ്ട്. വരികള്‍ക്കിടയില്‍ വായിക്കാന്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കറിയാം. തെറ്റായ നിലപാടിനെതിരെ നടപടിയെടുത്തതിന്റെ പേരില്‍ പാര്‍ട്ടി ക്ഷീണിക്കില്ല. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. തെറ്റായ ഒരു പ്രവണതയും വച്ചുപൊറുപ്പിക്കില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേർത്തു.