അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പ്; ഒമ്പത് പാലസ്തീനികൾ കൊല്ലപ്പെട്ടു
വെസ്റ്റ്ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം ഇന്ന് നടത്തിയ വെടിവെപ്പിൽ ഒരു വൃദ്ധ ഉൾപ്പെടെ ഒമ്പത് പാലസ്തീനികൾ കൊല്ലപ്പെട്ടു. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്.വെടിവെപ്പിന് ശേഷം ഇസ്രായേൽ സൈന്യം അഭയാർഥി ക്യാമ്പിൽനിന്ന് പിൻമാറി.
മഗ്ദ ഉബൈദ് എന്ന് പേരുള്ള വൃദ്ധയാണ് കൊല്ലപ്പെട്ടതെന്ന് ജെനിൻ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വൃദ്ധ കൊല്ലപ്പെട്ടതിനെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ടവരിൽ തങ്ങളുടെ പോരാളികളിൽ ഒരാളായ ഇസ്സുദ്ദീൻ സലാഹത്തും ഉൾപ്പെട്ടിട്ടുണ്ടെന്ന് പാലസ്തീനിലെ രാഷ്ട്രീയ പാർട്ടിയായ ഫതഹിന്റെ സായുധ വിഭാഗമായ അൽ അഖ്‌സ ബ്രിഗേഡ് അറിയിച്ചു.
അതേസമയം, വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 24 കാരനായ സായിബ് അസ്‌രീഖിയെന്ന യുവാവും മരണത്തിന് കീഴടങ്ങിയതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. വെടിവെപ്പിൽ ധാരാളം പരിക്കേറ്റതിനാൽ ആശുപത്രിയിലെ സ്ഥിതി വളരെ ഗുരുതരമാണെന്നും ആംബുലൻസുകളും മെഡിക്കൽ സംവിധാനങ്ങളും ആശുപത്രിയിലെത്തുന്നതിന് ഇസ്രായേൽ സൈന്യം തടസം സൃഷ്ടിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം ആരോപിക്കുന്നു.