ഇസ്രായേൽ-ഹമാസ് സംഘർഷം; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്

single-img
7 October 2023

രണ്ടര മണിക്കൂറിലേറെ ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ ഹമാസ് ആക്രമണം നടത്തി. അയ്യായിരത്തോളം റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഹമാസ് കമാൻഡർ-ഇൻ-ചീഫ് മുഹമ്മദ് അൽ-ദീഫ് അവകാശപ്പെട്ടു. ഇതിന് ശേഷം രണ്ടായിരത്തോളം റോക്കറ്റുകൾ വിക്ഷേപിച്ചതായി ഹമാസ് ടിവി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ 22 പേർ മരിച്ചതായാണ് റിപ്പോർട്ട്.

അതിനിടെ, ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യ മുന്നറിയിപ്പ് നൽകി. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷാ കേന്ദ്രങ്ങളിൽ തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറും നൽകിയിട്ടുണ്ട്.

തെക്കൻ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയ ഹമാസ് പ്രവർത്തകർ വഴിയാത്രക്കാരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹമാസ് പ്രവർത്തകർ സ്ഡെറോട്ടിലെ വീടുകൾ പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ പരിക്കേറ്റവരിൽ 68 പേർ അഷ്‌കെലോണിലെ ബാർസിലായ് ആശുപത്രിയിലും 80 പേർ ബിയർ ഷെവയിലെ സോറോക്ക ആശുപത്രിയിലും ചികിത്സയിലാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.