ശിരോവസ്ത്രം ധരിക്കാതെ വിദേശ ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു; കായിക താരത്തിന്‍റെ വീട് ഇറാൻ സർക്കാർ ഇടിച്ചു നിരത്തി

single-img
4 December 2022

ഇറാനിൽ സർക്കാരിനെതിരെ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് വിദേശ ചാമ്പ്യൻഷിപ്പിൽ തല മറയ്ക്കാതെ മത്സരിച്ച കായിക താരത്തിന്‍റെ കുടുംബവീട് ഇറാൻ സർക്കാർ ഇടിച്ചു നിരത്തി. ഇറാന്റെ ദേശീയ വനിതാ താരം എൽനാസ് റേകാബിയുടെ കുടുംബ വീടാണ് ഇടിച്ചുനിരത്തിയത്.

താൻ വിദേശത്തായിരുന്നപ്പോൾ ശിരോവസ്ത്രം ധരിക്കാതെ മത്സരിച്ചതിന്, നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ താരം മാപ്പു പറഞ്ഞിരുന്നു. പക്ഷെ ഇറാൻ അധികൃതർ പറയുന്നത് പ്രതികാര നടപടിയുടെ ഭാഗമായല്ല കെട്ടിടം പൊളിച്ചതെന്നാണ്. ഇവരുടെ വീടിന്റെ കെട്ടിടത്തിന്‍റേത് അനധികൃത നിർമ്മാണമായതുകൊണ്ടാണ് പൊളിക്കേണ്ടി വന്നതെന്നും അധികാരികൾ അറിയിച്ചു.

പക്ഷെ ഭരണകൂടത്തിന്റെ ഈ ഇടിച്ചു നിരത്തൽ പ്രതികാര നടപടിയാണ് എന്നാരോപിച്ച് നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ ധാരാളം ആളുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ എൽനാസിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. കൊറിയൻ തലസ്ഥാനമായ സോളിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് താരം ഹിജാബില്ലാതെ കളിച്ചത്.