രാജ്യത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അന്വേഷണത്തിന് മാര്‍ഗനിര്‍ദേശം വേണം: സുപ്രീംകോടതി

single-img
7 November 2023

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അന്വേഷണത്തിന് രാജ്യത്ത് മാര്‍ഗനിര്‍ദേശം വേണമെന്ന് സുപ്രീംകോടതി. ഓൺലൈൻ മാധ്യമമായ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ പരാമര്‍ശം. അന്വേഷണത്തിന്റെ ഭാഗമായി മാധ്യമങ്ങളുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതിലും മാര്‍ഗനിര്‍ദേശം വേണമെന്നും ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി.

ചൈനയിൽ നിന്നുള്ള ഫണ്ട് ലഭിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സംഘപരിവാർ വിരുദ്ധ ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ ന്യൂസ്‌ക്ലിക്കിന്റെ ഡല്‍ഹിയിലെ ഓഫീസ് പൊലീസ് സീല്‍ ചെയ്തിരുന്നു. സ്ഥാപനത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുരകയസ്തയെ സ്‌പെഷ്യല്‍ സെല്‍ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും പൊലീസ് സംഘം മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ എത്തുകയും ചെയ്തിരുന്നു.

ഡല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സഞ്ജയ് രജൗറ, ഭാഷാ സിങ്, ഊര്‍മിളേഷ്, പ്രബിര്‍ പുരകയസ്ത, അഭിസാര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇവരുടെ പക്കല്‍ നിന്ന് ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.