ലോക റാങ്കിങിൽ മൂന്നാമതെത്തി ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യം

single-img
22 June 2023

ബാഡ്‌മിന്റൺ വേൾഡ് ഫെഡറേഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം, തങ്ങളുടെ ആദ്യത്തെ സൂപ്പർ 1000 പുരുഷ ഡബിൾസ് കിരീടം നേടിയതിന്റെ ബലത്തിൽ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും, ചിരാഗ് ഷെട്ടിയും കരിയറിലെ ഏറ്റവും ഉയർന്ന നേട്ടമായ ലോക മൂന്നാം നമ്പറിലെത്തി.

കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാക്കൾ നിലവിലെ ലോക ചാമ്പ്യൻമാരായ മലേഷ്യയുടെ ആരോൺ ചിയയെയും സോ വൂയി യിക്കും നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് ഞായറാഴ്‌ച ഇന്തോനേഷ്യ ഓപ്പൺ നേടിയത്. സൂപ്പർ 1000 ഇവന്റിൽ കിരീടം നേടുന്ന ഇന്ത്യയിലെ ആദ്യ സഖ്യമായി ഇരുവരും മാറിയിരുന്നു.

സ്വിസ് ഓപ്പണിന് പുറമെ രണ്ട് ലോക ടൂർ കിരീടങ്ങളും ബാഡ്‌മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലും നേടിയിട്ടുള്ള ഇന്ത്യൻ സഖ്യം ഈ സീസണിൽ സ്വപ്‌ന തുല്യമായ നേട്ടത്തിലാണ്. സിംഗിൾസ് റാങ്കിങിൽ 18-ാം സ്ഥാനത്തുള്ള ലക്ഷ്യ സെന്നിന് പിന്നിലായി കിഡംബി ശ്രീകാന്ത് മൂന്ന് സ്ഥാനങ്ങൾ കയറി ആദ്യ 20ൽ (ലോക നമ്പർ 19) എത്തി.

ഇന്തോനേഷ്യൻ ഓപ്പൺ സെമിഫൈനലിൽ ലോക ഒന്നാം നമ്പർ താരം വിക്ടർ ആക്‌സെൽസനോട് തോറ്റ എച്ച്എസ് പ്രണോയ്, ഒമ്പതാം സ്ഥാനത്ത് തുടരുന്നു, നിലവിൽ ഏറ്റവും ഉയർന്ന റാങ്കുള്ള ഇന്ത്യക്കാരനാണ് പ്രണോയ്. ഇരട്ട ഒളിമ്പിക്‌സ് മെഡൽ ജേതാവായ പിവി സിന്ധു, വനിതാ സിംഗിൾസിൽ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് 12-ാം സ്ഥാനത്തെത്തിയപ്പോൾ, വെറ്ററൻ താരം സൈന നെഹ്‌വാൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി ലോക റാങ്കിങിൽ 31-ാം സ്ഥാനത്തെത്തി.