ഇന്ത്യയുടെ പരാജയകാരണം സഞ്ജുവിന്റെ പരിചയക്കുറവ്: കമ്രാന്‍ അക്മല്‍

single-img
7 October 2022

കഴിഞ്ഞ ദിവസം നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യയെ കനത്ത പരാജയത്തിൽ നിന്നും രക്ഷിച്ചത്. വെറും 63 പന്തുകള്‍ നേരിട്ട താരം പുറത്താവാതെ 86 റണ്‍സ് നേടിയിരുന്നു. ഒമ്പത് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

എന്നാൽ മുന്‍ പാകിസ്ഥാന്‍ താരം കമ്രാന്‍ അക്മല്‍ പറയുന്നത് സഞ്ജുവിന് ടോപ് ടീമുകള്‍ക്കെതിരെ കളിച്ചുള്ള പരിചയമില്ലാത്തതാണ് ഇന്ത്യയെ വിജയത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയതെന്നാണ്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെ ”ടീമിനെ വിജയിപ്പിക്കാനുള്ള ഇച്ഛാശക്തി തുടക്കം മുതല്‍ സഞ്ജു കാണിച്ചിരുന്നില്ല. ഒരുപാട് സമയമെടുത്ത ശേഷമാണ് സഞ്ജു സ്വതസിദ്ധമായമായ ശൈലിയിലേക്ക് വന്നത്. “- എന്ന് അദ്ദേഹം പറയുന്നു.

ഒരു പക്ഷെ മത്സരത്തിൽ തുടക്കം മുതല്‍ അറ്റാക്ക് ചെയ്ത് കളിക്കണമായിരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. ശരിയാണ് സഞ്ജു 86 റണ്‍സ് നേടി. എന്നാല്‍ ആദ്യത്തെ 30-35 പന്തുകളില്‍ വേഗത്തില്‍ റണ്‍സ് നേടാന്‍ സഞ്ജുവിനായില്ല. വലിയ ടീമുകള്‍ക്കെതിരെ കളിച്ച് പരിചയമില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.” അക്മല്‍ വിശദീകരിച്ചു.

”അതേസമയം തന്നെ ശ്രേയസ് അയ്യര്‍ തുടക്കം മുതല്‍ ടീമിനെ ജയിപ്പിക്കണമെന്ന് ലക്ഷ്യത്തോടെയാണ് കളിച്ചത്. ഇതുപോലെയുള്ള സാഹചര്യങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് അയ്യര്‍ക്കറിയാം. ശ്രേയസ് പുറത്തായില്ലായിരുന്നെങ്കില്‍ ഇന്ത്യ വിജയിക്കുകയായിരുന്നു.” അക്മല്‍ കൂട്ടിചേര്‍ത്തു.