കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും കണ്ണൂര്‍ ഉണ്ടായിരിക്കില്ല; സുധാകരൻ ഇനിയും കാത്തിരിക്കണം

കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും കണ്ണൂര്‍ ഉണ്ടായിരിക്കില്ല. രണ്ടാംഘട്ട പട്ടികയില്‍ കണ്ണൂര്‍ ഒഴിച്ചിടുമെന്നാണ് വിവരം. ഇന്ദിരാ ഭവനില്‍ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും വിഷയം പരിശോധിക്കും.
കെ സുധാകരനോട് കാത്തിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കി. കോൺഗ്രസിൻ്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് തന്നെയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പില്‍ കണ്ണൂരിൽ നിന്ന് മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് കെ സുധാകരന്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള നീക്കങ്ങളും സുധാകരന്‍ തുടങ്ങിയിട്ടുണ്ട്. കണ്ണൂർ സീറ്റ് നൽകിയില്ലെങ്കിൽ സുധാകരൻ കടുത്ത നിലപാടിലേക്ക് പോകുമെന്ന് കോൺഗ്രസിന് അറിയാം. അതുകൊണ്ടുതന്നെ സുധാകരനെ അനുനയിപ്പിച്ച് ഒപ്പം നിർത്താനാണ് കോൺഗ്രസ് തീരുമാനം.


