എഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ കിരീടം നിലനിർത്തി ഇന്ത്യ; പരാജയപ്പെടുത്തിയത് ചൈനയെ
17 September 2024
ഇന്ന് നടന്ന എഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ വിജയവുമായി ഹോക്കി കിരീടം നിലനിർത്തി ഇന്ത്യ. ചൈനയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. മത്സരത്തിലെ നാലാം ക്വാർട്ടറില്‍ ജുഗ്‌രാജ് സിങ് നേടിയ ഗോളാണ് ഇന്ത്യയെ ജേതാക്കളാക്കിയത്.
അതേസമയം, ടൂർണമെന്റില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ കിരീടം ചൂടിയത്. ഇത് അഞ്ചാം തവണയാണ് ഇന്ത്യ ചാമ്പ്യന്മാരാകുന്നത്. നേരത്തെ, സെമി ഫൈനലില്‍ തെക്കൻ കൊറിയയെ 4-1 എന്ന സ്കോറിന് കീഴടക്കിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്.
ഇന്ത്യയ്ക്ക് വേണ്ടി ഹർമൻപ്രീത് സിങ് (2), ഉത്തം സിങ്, ജർമൻപ്രീത് സീങ് എന്നിവരാണ് സ്കോർ ചെയ്തത്. കൊറിയക്കായി യാങ് ജിഹൂനാണ് ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങളും ജയിച്ചായിരുന്നു ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. പരാജയം രുചിക്കാതെ അവസാന നാലിലെത്തിയ ഏക ടീമും ഇന്ത്യയാണ്.