ശക്തനായ പ്രധാനമന്ത്രി ശക്തരെ മാത്രമാണ് സഹായിക്കുന്നത്; ഇന്ത്യയ്ക്ക് ഇനി ആവശ്യം ഒരു ദുർബലനായ പ്രധാനമന്ത്രിയെ: അസദുദ്ദീൻ ഒവൈസി
രാജ്യത്ത് ഇനി നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ദുർബലമായ ഒരു പ്രധാനമന്ത്രിയാണ് ഇന്ത്യക്ക് ഉണ്ടാകേണ്ടതെന്നും, അതിലൂടെ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്നും എഐഎംഐഎം തലവനായ അസദുദ്ദീൻ ഒവൈസി.
“ഇന്ത്യയ്ക്ക് ഇപ്പോൾ ഒരു ദുർബല പ്രധാനമന്ത്രിയെ ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ ശക്തനായ ഒരു പ്രധാനമന്ത്രിയെ കണ്ടു, ഇപ്പോൾ നമുക്ക് ഒരു ദുർബലനായ പ്രധാനമന്ത്രിയെ ആവശ്യമുണ്ട്. അതിനാൽ അദ്ദേഹത്തിന് ദുർബലരെ സഹായിക്കാനാകും. ശക്തനായ ഒരു പ്രധാനമന്ത്രി ശക്തരെ മാത്രമാണ് സഹായിക്കുന്നത്, ”അഹമ്മദാബാദിൽ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് ഒരു ബിജെപി ഇതര പാർട്ടികളുടെ സഖ്യ സർക്കാർ ഉണ്ടാകണമെന്നും ദുർബലനായ ഒരാൾ പ്രധാനമന്ത്രിയാകുമ്പോൾ, ദുർബലർക്ക് പ്രയോജനം ലഭിക്കും. ശക്തനായ ഒരാൾ പ്രധാനമന്ത്രിയാകുമ്പോൾ, ശക്തനാണ് നേട്ടം. ഇതായിരിക്കണം 2024ലെ പരിശ്രമമെന്നും ഒവൈസി കൂട്ടിച്ചേർത്തു.
അതേപോലെ തന്നെ , ബിൽക്കിസ് ബാനോ കേസിലെ പ്രതികളുടെ മോചനത്തെക്കുറിച്ച് മൗനം പാലിച്ചതിനാൽ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി ഗുജറാത്തിലെ ഭരണകക്ഷിയായ ബിജെപിയിൽ നിന്നും വ്യത്യസ്തമല്ലെന്ന് എഎപിയെ ലക്ഷ്യമാക്കി ഒവൈസി പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.