പ്രവാസി പണം ഏറ്റവുമധികമെത്തുന്ന രാജ്യമായി ഇന്ത്യ

single-img
4 December 2022

ന്യൂഡല്‍ഹി: പ്രവാസി പണം ഏറ്റവുമധികമെത്തുന്ന രാജ്യമായി ഇന്ത്യ. പ്രവാസിപ്പണമൊഴുക്കില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇന്ത്യന്‍ പ്രവാസികളുടെ പണവരവിന്റെ കാര്യത്തില്‍ 2022-ല്‍ അഞ്ച് ശതമാനം വര്‍ദ്ധന ഉണ്ടായതായാണ് കണക്ക്.

താരതമേന്യ കുറഞ്ഞ തൊഴില്‍വൈദഗ്ദ്ധ്യം ആവശ്യമുള്ളതും വരുമാനം കുറഞ്ഞതുമായ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാറി ഉയര്‍ന്ന വൈദഗ്ദ്ധ്യവും വരുമാനവുമുള്ള അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പണമൊഴുക്ക് ഉയര്‍ന്നതാണ് ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്തായത്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 8,000 കോടി ഡോളറാകും. ഇതിന്റെ 25 ശതമാനം അധികമായിരിക്കും പ്രവാസിപ്പണമൊഴുക്ക്

2021-നേക്കാള്‍ 12 ശതമാനം വളര്‍ച്ചയോടെ പണമൊഴുക്ക് ചരിത്രത്തില്‍ ആദ്യമായി 10,000 കോടി ഡോളര്‍ കടന്നു. വിദേശ ഇന്ത്യക്കാരുടെ ഈ പണം രാജ്യവികസനത്തിന് ഉപയോഗിക്കപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രവാസിപ്പണമൊഴുക്കില്‍ തുടര്‍ച്ചയായി ഒന്നാംസ്ഥാനം നിലനിറുത്തുന്ന ഇന്ത്യ കഴിഞ്ഞവര്‍ഷം നേടിയത് 8,700 കോടി ഡോളറായിരുന്നു. ചൈന, മെക്സിക്കോ, ഫിലിപ്പൈന്‍സ്, ഈജിപ്ത്, എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ മുന്നിലെത്തിയത്.