സൗബിന്‍ ഷാഹിര്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ്
നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിവരശേഖരണം നടത്തിയപ്പോഴാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്. ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്ത്, റോഡ് വേ വാഹന വില്‍പന സ്ഥാപനത്തിന്റെ ഉടമ നജത്ത് എന്നിവര്‍ക്ക് പറവ ഫിലിംസില്‍ നിക്ഷേപമുണ്ടെന്നും കണ്ടെത്തി. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
താരം വരുമാനം കുറച്ചു കാണിച്ചതായി ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു. അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും ആദായനികുതി വകുപ്പ് പറയുന്നു. അന്വേഷണം മഞ്ഞുമ്മല്‍ ബോയ്‌സ് മാത്രം കേന്ദ്രീകരിച്ചല്ല. ഇഡിയാണ് നികുതിവെട്ടിപ്പിന്റെ വിവരം നല്‍കിയത്. ഇഡി കേസില്‍ വിവരശേഖരണം നടത്തിയപ്പോഴാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്. പിന്നാലെ ആദായ നികുതി വകുപ്പിനെ വിവരം അറിയിച്ചു.
നേരത്തെ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സൗബിനെ ചോദ്യം ചെയ്തിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ നിര്‍മാതാക്കളായ സൗബിന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കിയിരുന്നു.
ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ വഞ്ചിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.