തമിഴ്‌നാട്ടിൽ എഐഎഡിഎംകെയും ബിജെപിയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു

single-img
10 March 2023

തമിഴ്‌നാട്ടിൽ എഐഎഡിഎംകെയും ബിജെപിയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതായി റിപ്പോർട്ട്. ബിജെപിയുമായുള്ള ബന്ധത്തിൽ വളരെയധികം പിരിമുറുക്കങ്ങൾ അനുഭവിക്കുകയാണെങ്കിലും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭിന്നത രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ വരുന്നത്.

234 അംഗ സഭയിൽ കേവലം നാല് എംഎൽഎമാരുള്ള ബിജെപി, അവരെ പ്രധാന പ്രതിപക്ഷമായി ഉയർത്തിക്കാട്ടുന്നതിന് ശേഷമാണ് തർക്കങ്ങൾ തുടങ്ങുന്നത്. ഇതിനിടെ ബിജെപിയുടെ ഐടി വിഭാഗം മേധാവി സിആർടി നിർമൽ കുമാർ ഉൾപ്പെടെ നിരവധി ബിജെപിക്കാർ അടുത്തിടെ എഐഎഡിഎംകെയിലേക്ക് പോയിരുന്നു. ഇതോടെ എഐഎഡിഎംകെ “സഖ്യ ധർമ്മം” ലംഘിക്കുന്നുവെന്ന് ആരോപിച്ച് തൂത്തുക്കുടിയിൽ നിരവധി ബിജെപിക്കാർ എഐഎഡിഎംകെ അധ്യക്ഷൻ ഇ പളനിസ്വാമിയുടെ കോലം കത്തിക്കുന്നടക്കമുള്ള പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ നേതാക്കൾ ക്യാമ്പ് മാറുന്നത് സാധാരണമാണെന്നും മുൻ മന്ത്രി നൈനാർ നാഗേന്ദ്രൻ ഉൾപ്പെടെയുള്ള നിരവധി മുതിർന്ന നേതാക്കൾ ബിജെപിയിൽ ചേർന്നത് എങ്ങനെയെന്ന് ചോദിച്ചു എഐഎഡിഎംകെയും തിരിച്ചടിച്ചു.

എഐഎഡിഎംകെ പാളയത്തിൽ, പാർട്ടി ഐക്കണും മുൻ മുഖ്യമന്ത്രിയുമായ ജെ ജയലളിതയുമായി തന്നെ താരതമ്യപ്പെടുത്തി ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ അടുത്തിടെ നടത്തിയ പ്രസംഗം എഐഎഡിഎംകെ നേതാക്കൾക്കിടയിലും അണികൾക്കിടയിലും വ്യാപക പ്രതിഷേധം ഉണ്ടാക്കിയിരുന്നു.

അതേസമയം തമിഴ്‌നാട്ടിൽ എഐഎഡിഎംകെ എൻഡിഎയെ നയിക്കുമെന്നും ബിജെപി ഉൾപ്പെടെയുള്ളവർ ഞങ്ങളുടെ കീഴിലാകണമെന്നും പാർട്ടിയുടെ മുതിർന്ന നേതാവ് ഡി ജയകുമാർ പറഞ്ഞു. കൂടാതെ ഈ ചെറിയ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ജയകുമാർ പറഞ്ഞു.