അവസരം ലഭിച്ചാൽ ഇനിയും വിദേശയാത്ര നടത്തും: മന്ത്രി ഒ.ജെ. ജനീഷ്

single-img
28 September 2026

വിദേശയാത്രയിൽ തെറ്റില്ലെന്നും അവസരം ലഭിച്ചാൽ ഇനിയും വിദേശയാത്ര നടത്തുമെന്നും കായിക മന്ത്രി ഒ.ജെ. ജനീഷ്. കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി ഒരു മാധ്യമം താനും ഭാര്യയും ബോട്ടിംഗിൽ യാത്ര ചെയ്യുന്ന ചിത്രം സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ചിത്രം രഹസ്യമായി പകർത്തിയതല്ലെന്നും തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ താൻ തന്നെ പങ്കുവെച്ചതാണെന്നും ഒ.ജെ. ജനീഷ് വ്യക്തമാക്കി. ചിത്രം ഉപയോഗിക്കരുതെന്ന തരത്തിലാണ് അതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നടത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘തന്ത വൈബ്’ എന്ന പ്രയോഗം പ്രായം ഉദ്ദേശിച്ചല്ല നടത്തിയതെന്നും മന്ത്രി വിശദീകരിച്ചു. ചോദ്യം ചോദിച്ച സമയത്ത് ഉപയോഗിച്ച ചിത്രത്തെയും അതുമായി ബന്ധപ്പെട്ട സാഹചര്യത്തെയും കുറിച്ചാണ് താൻ അത്തരമൊരു പ്രയോഗം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

‘തന്ത വൈബ്’ എന്ന പ്രയോഗം ചില മാധ്യമങ്ങൾ ചർച്ച ചെയ്തതുപോലെ പ്രായത്തെ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. ആ പ്രയോഗം ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയെങ്കിൽ ഇനി അത് ആവർത്തിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.