നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ആരോടും ഈ നിമിഷം വരെ പറഞ്ഞിട്ടില്ല: കെ സുരേന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താൽപര്യം ഇതുവരെ ആരോടും അറിയിച്ചിട്ടില്ലെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. പാർട്ടി ആവശ്യപ്പെട്ട മണ്ഡലങ്ങളിൽ മാത്രമാണ് ഇതുവരെ മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്ന് കെ. സുരേന്ദ്രൻ മത്സരിക്കാൻ താൽപര്യം അറിയിച്ചതായി മാധ്യമങ്ങളിൽ വന്ന വാർത്തകൾക്കിടെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പ്രതികരിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്ന് കെ. സുരേന്ദ്രൻ കുറിച്ചു. ആദ്യം തൃശൂർ, തുടർന്ന് പാലക്കാട്, ഒടുവിൽ വട്ടിയൂർക്കാട് എന്നിങ്ങനെ വിവിധ മണ്ഡലങ്ങളുടെ പേരുകൾ ഉയർന്നുവന്നുവെന്നും, എന്നാൽ ഒരു മണ്ഡലത്തിലും മത്സരിക്കാനുള്ള താൽപര്യം ഇതുവരെ ആരോടും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെന്നും, പാർട്ടി ആവശ്യപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് മത്സരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് ബന്ധപ്പെട്ടവരോട് കെ. സുരേന്ദ്രൻ അഭ്യർത്ഥിച്ചു. കെ. സുരേന്ദ്രനും കുമ്മനം രാജശേഖരനും വട്ടിയൂർക്കാവിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്ന പശ്ചാത്തലത്തിലാണ്, കേരളത്തിലെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന വിശദീകരണവുമായി കെ. സുരേന്ദ്രൻ രംഗത്തെത്തിയത്.


