ഹിമാചൽ കോൺഗ്രസ് അധ്യക്ഷൻ ഹർഷ് മഹാജൻ ബിജെപിയിൽ ചേർന്നു


ഹിമാചൽ പ്രദേശ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹർഷ് മഹാജൻ ബിജെപിയിൽ ചേർന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ അടുത്ത അനുയായും ആണ് ഹർഷ് മഹാജൻ.
നാൽപത് വർഷത്തോളം കോൺഗ്രസിൽ പ്രവർത്തിച്ച മഹാജൻ നേതൃത്വത്തെ നിശിതമായി വിമർശിച്ച ശേഷമാണ് പാർട്ടി വിട്ടത്. പാർട്ടിക്ക് ദിശാബോധം നഷ്ടപ്പെട്ടെന്നും നേതൃത്വമില്ലായ്മ ഗുരുതരമാണെന്നും മഹാജൻ ആരോപിച്ചു. കൂടാതെ കോൺഗ്രസിൽ ഇപ്പോൾ അമ്മയും മകനും ആണ് ഭരിക്കുന്നതെന്നും ആരോപിച്ചു.
ദേശീയ നേതാവ് പീയുഷ് ഗോയലിന്റെ സാന്നിധ്യത്തിൽ ഡൽഹിയിൽ വച്ചാണ് മഹാജൻ ബിജെപിയിൽ ചേർന്നത്. മഹാജനെ സ്വാഗതം ചെയ്ത ഗോയൽ കോൺഗ്രസിൽ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ടെന്നും ക്ലീൻ ഇമേജ് നിലനിർത്തിയിട്ടുണ്ടെന്നും പറഞ്ഞു. ഈ വർഷം അവസാനം നടക്കാൻ സാധ്യതയുള്ള തെരഞ്ഞെടുപ്പിന് ശേഷം അധികാരം നിലനിർത്തിക്കൊണ്ട് ബിജെപി സംസ്ഥാനത്ത് ചരിത്രം രചിക്കുമെന്ന് ഗോയൽ പറഞ്ഞു.