വിസിമാരുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

single-img
8 November 2022

ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കും. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. വൈസ് ചാന്‍സലര്‍മാരുടെ ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ചാന്‍സലര്‍ സമയം തേടിയതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കാന്‍ മാറ്റിയിരുന്നത്.

വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഗവർണർ വിസിമാർക്ക് നൽകിയ കാരണം കാണിക്കാൻ നോട്ടീസ്. നേരത്തെ ഹര്‍ജി പരിഗണിക്കവെ നവംബര്‍ ഏഴിന് വൈകിട്ട് 5 മണി വരെ നോട്ടീസിന് മറുപടി നൽകാൻ വി സിമാർക്ക് ഹൈക്കോടതി സമയം അനുവദിച്ചിരുന്നു. ഇതനുസരിച്ച് വിസിമാർ ഗവർണർക്ക് മറുപടിയും നൽകിയിരുന്നു.

വിസിമാർക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് ഗവർണറുടെ നീക്കം. എന്നാൽ യുജിസി നിയമങ്ങളും സർവകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം. മാത്രമല്ല യുജിസി മാർഗനിർദ്ദേശം അനുസരിച്ച് യോഗ്യത ഉണ്ട് എന്നാണു വി സി മാരുടെ വാദം.

മുന്‍ കേരള സര്‍വകലാശാല വി സി ഡോ. വി പി മഹാദേവന്‍ പിളള, എംജി സര്‍വകലാശാല വി സി ഡോ. സാബു തോമസ്, കുസാറ്റ് വി സി ഡോ. കെ എന്‍ മധുസൂദനന്‍, കുഫോസ് വി സി ഡോ. കെ റിജി ജോണ്‍, കാലടി സര്‍വകലാശാല വി സി ഡോ. എം വി നാരായണന്‍, കാലിക്കറ്റ് വി സി ഡോ. എം കെ ജയരാജ്, മലയാളം സര്‍വകലാശാല വി സി ഡോ. വി അനില്‍കുമാര്‍, കണ്ണൂര്‍ സര്‍വകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.