താല്‍ക്കാലിക വൈസ് ചാന്‍സലറായി സിസ തോമസിനെ കണ്ടെത്തിയതെങ്ങനെ? ഗവർണറുടെ നടപടി ചോദ്യം ചെയ്തു ഹൈക്കോടതി

single-img
26 November 2022

സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി സിസ തോമസിനെ നിയമച്ച ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതി. സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ഗവർണറുടെ നടപടികൾക്കെതിരെ ജസ്റ്റിസ് ദേവൻ രാചമന്ദ്രന്റെ ചോദ്യങ്ങള്‍.

താല്‍ക്കാലിക വൈസ് ചാന്‍സലറായി സിസ തോമസിനെ എങ്ങനെ കണ്ടെത്തിയെന്നും, പേര് ആരാണ് നിര്‍ദേശിച്ചതെന്നും ഹൈക്കോടതി ചോദിച്ചു. മാത്രമല്ല എന്തുകൊണ്ട് മറ്റു വിസിമാര്‍ക്കോ പ്രോ വിസിമാര്‍ക്കോ താത്ക്കാലിക വി.സിയുടെ ചുമതല നല്‍കിയില്ലെന്നും ചാന്‍സലറായ ആരിഫ് മുഹമ്മദ് ഖാനോട് കോടതി ചോദിച്ചു. കൂടാതെ സിസ തോമസിന്റെ സീനിയോരിറ്റി എത്രയുണ്ടെന്നും ഇതേ യോഗ്യതയുള്ള മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും ചാന്‍സലറോട് കോടതി ആരാഞ്ഞു. എന്നാല്‍ കോടതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ചാന്‍സലറുടെ അഭിഭാഷകന് സാധിച്ചില്ല.

സർക്കാർ ശുപാർശ ചെയ്തവർ ചുമതല നൽകാൻ അയോഗ്യനായിരുന്നുവെന്ന് ചാന്‍സലര്‍ മറുപടി നൽകി.. അതുകൊണ്ടാണ് ഡിജിറ്റല്‍ സര്‍വകലാശാലാ വിസിയുടേയും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും പേര് തള്ളിയതെന്നും ചാന്‍സര്‍ അറിയിച്ചു.

സംസ്ഥാനത്തെ രണ്ട് അധികാര കേന്ദ്രങ്ങൾ ഇങ്ങനെ പോരടിക്കുന്നത് ശരിയല്ലെന്നും കോടതി വിമർശിച്ചു. വിദ്യാർത്ഥികളുടെ ഭാവി ഓർത്താണ് ആശങ്കയെന്നും അവരുടെ ഭാവി വച്ച് പന്താടരുതെന്നും കോടതി പറഞ്ഞു. കേസില്‍ തിങ്കളാഴ്ച കോടതി വിധിപറയും