മാസപ്പടി വിവാദം ; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസയക്കാന്‍ ഹൈക്കോടതി നിർദ്ദേശം

single-img
8 December 2023

മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ നിര്‍ണായക നീക്കവുമായി ഹൈക്കോടതി . മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസയക്കാന്‍ നിര്‍ദ്ദേശിച്ചു. കേസില്‍ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ന്നു. ഹര്‍ജിയില്‍ എല്ലാവരെയും കേള്‍ക്കണമെന്നും, എതിര്‍കക്ഷികളെ കേള്‍ക്കാതെ തീരുമാനം എടുക്കാനാകില്ലെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി.

കരിമണല്‍ കമ്പനിയില്‍ നിന്നും രാഷ്ട്രീയ നേതാക്കള്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയത് ചോദ്യം ചെയ്ത് ഗിരീഷ് ബാബുവാണ് ഹര്‍ജി നൽകിയത്.

ഹർജിയിൽ ആരോപണങ്ങൾ മാത്രമാണ് ഉള്ളതെന്നും ആദായ നികുതി ഇന്ററിം ബോർഡ് ഓഫ് സെറ്റിൽമെന്റ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രം അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നുമാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിൽ വ്യക്തമാക്കിയത്. കുറ്റകൃത്യം നടന്നുവന്ന തെളിയിക്കാനുള്ള രേഖകളില്ല. പത്രവാർത്തകളുടെ പേരിൽ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും കോടതി പറഞ്ഞിരുന്നു.

ഇതോടെ റിവിഷൻ ഹർജിയുമായി ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ ഗിരീഷ് ബാബു മരിച്ചു. തുടർന്ന് ഹൈക്കോടതി ഒരു അമിക്കസ്ക്യൂറിയെ നിയമിച്ചു. പിന്നാലെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ് തെറ്റെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ തെളിവില്ലെന്ന വിജിലന്‍സ് കോടതി കണ്ടെത്തല്‍ പ്രഥമദൃഷ്ട്യാ ശരിയല്ല. രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്നതിന് സാക്ഷിമൊഴികള്‍ ഉള്ള സാഹചര്യത്തില്‍ കോടതിക്ക് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാമായിരുന്നുവെന്നും അമിക്കസ്ക്യൂറി റിപ്പോർട്ടിൽ പറഞ്ഞു. ഇത് പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നീക്കം.