30 വര്‍ഷങ്ങളായി ഉപയോഗിക്കുന്നത് പശുവിന്‍ ചാണകത്തിൽ നിന്നുള്ള സോപ്പ്, അതിനാല്‍ ചര്‍മരോഗങ്ങളൊന്നുമില്ല: മഹാരാഷ്ട്ര മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ

single-img
4 September 2023

താൻ കഴിഞ്ഞ 30 വർഷമായി പശുവിന്‍ ചാണകത്തിന്റെ സോപ്പ് ആണ് ഉപയോഗിക്കുന്നതെന്ന് മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ. അതുകൊണ്ടുതന്നെ ത്വക്ക് രോഗങ്ങളൊന്നും ഇല്ലെന്നും പാട്ടീൽ പറഞ്ഞു. പൂനെയിൽ മഹാരാഷ്ട്ര ഗോസേവ കമ്മീഷൻ ആസ്ഥാനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പശുവിന്റെ ചാണകം പുകയ്ക്കുന്ന പരിപാടി ജര്‍മ്മനി ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലുമുണ്ട്. അന്തരീക്ഷം ശുദ്ധീകരിക്കുന്നതിനാണിത്. അര്‍ബുദ ചികിത്സയ്ക്ക് ഗോമൂത്രമുപയോഗിക്കാമെന്നുവരെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. അധികമാര്‍ക്കും അതേക്കുറിച്ചറിയില്ലെന്നും പൂനെ ജില്ലയുടെ രക്ഷാധികാരി മന്ത്രികൂടിയായ അദ്ദേഹം പറഞ്ഞു.

ചാണകം പുകച്ചുകൊണ്ടാണ് രാജ്യത്തെ കോടിക്കണക്കിന് വീടുകളില്‍ ആളുകള്‍ തങ്ങളുടെ പ്രവൃത്തികള്‍ ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ പശുവിന്‍ ചാണകത്തിന് ഏറെ ആവശ്യക്കാരുണ്ട്. ചാണക സോപ്പ് ഉപയോഗിക്കുന്നത് ത്വക്ക് രോഗങ്ങളെ തടയുന്നു മാത്രമല്ല, മറ്റ് പല ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാക്കുന്നു. കൊവിഡ് കാലത്ത് സംസ്ഥാനത്തുടനീളം യാത്ര ചെയ്യേണ്ടി വന്നപ്പോഴും ത്വക്ക് രോഗം പിടിപെടാത്തത് ഇതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.