ഗുജറാത്തില്‍ കനത്ത മഴ, പ്രളയം; 9 പേര്‍ മരിച്ചു; നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിൽ

single-img
1 July 2023

24 മണിക്കൂറിനിടെ ഗുജറാത്തില്‍ പെയ്ത റെക്കോഡ് മഴയില്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അവസാന രണ്ട് ദിവസത്തിനിടെ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ (എസ്ഇഒസി) അറിയിച്ചു.

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ജില്ലകളായ കച്ച്, ജാംനഗര്‍, ജുനാഗഡ്, നവസാരി എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആര്‍എഫ്) ടീമുകളെ വിന്യസിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് അവസാനിച്ച 30 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ 37 താലൂക്കുകളില്‍ 100 മില്ലിമീറ്ററിലധികം മഴ പെയ്തതായി എസ്ഇഒസിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച രാവിലെ 6 മണിക്ക് അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ ജുനഗഡ് ജില്ലയിലെ വിസവാദര്‍ താലൂക്കില്‍ 398 മില്ലിമീറ്റര്‍ റെക്കോഡ് മഴ പെയ്തു.

ജാംനഗര്‍ ജില്ലയിലെ ജാംനഗര്‍ താലൂക്ക് (269 എംഎം), വല്‍സാദിലെ കപ്രദ (247 എംഎം), കച്ചിലെ അഞ്ജര്‍ (239 എംഎം), നവ്‌സാരിയില്‍ ഖേര്‍ഗാം (222 എംഎം) എന്നിവയാണ് ഏറ്റവും കൂടുതല്‍ മഴപെയ്ത പ്രദേശങ്ങളില്‍ ചിലത്. കനത്ത നാശനഷ്ടമാണ് ഇവിടങ്ങളിലുണ്ടായത്.