പരിശുദ്ധിക്ക് തടസ്സം; തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ മദ്രാസ് ഹൈക്കോടതി മൊബൈല്‍ ഫോണ്‍ നിരോധിച്ചു

single-img
3 December 2022

ആരാധാനാലയത്തിന്റെ വിശുദ്ധയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനായി തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ മദ്രാസ് ഹൈക്കോടതി മൊബൈല്‍ ഫോണ്‍ നിരോധിച്ചു. ജസ്റ്റിസുമാരായ ആർ.മഹാദേവൻ, ജെ.സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ക്ഷേത്രങ്ങൾക്കുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടയാനും കോടതിയുടെ നിർദേശങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പ് കമ്മീഷർക്ക് നിർദ്ദേശം നൽകിയത്.

സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. മൊബൈല്‍ ഫോണുകള്‍ ആളുകളുടെ ഏകാഗ്രത നശിപ്പിക്കുമെന്നും ദൈവങ്ങളുടെ ചിത്രങ്ങളെടുക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ചിത്രങ്ങള്‍ എടുക്കുന്നത് ക്ഷേത്രങ്ങളുടെ സുരക്ഷയ്ക്ക് പ്രശ്‌നമാകുമെന്നും ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്കും തങ്ങളുടെ അനുവാദമില്ലാതെ ചിത്രം പകര്‍ത്തിയെന്ന ആശങ്ക ഉണ്ടാകുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി

ഭക്തർക്ക് ശല്യം ഉണ്ടാകാതിരിക്കാൻ രാജ്യത്തെമ്പാടുമുള്ള ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധനം കൊണ്ടുവരികയും വിജയകരമായി നടപ്പാക്കുകയും ചെയ്തതായി ജഡ്ജിമാർ ചൂണ്ടിക്കാട്ടി. ഗുരുവായൂരിലെ ശ്രീകൃഷ്ണ ക്ഷേത്രം, മധുരയിലെ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം, തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രം എന്നിവ മൊബൈൽ ഫോൺ നിരോധനം നിലനിൽക്കുന്ന ചില ഉദാഹരണങ്ങളാണ്. ഈ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് മൊബൈൽ ഫോൺ സൂക്ഷിക്കുന്നതിന് പ്രത്യേക സുരക്ഷാ കൗണ്ടറുകൾ ഉണ്ട് എന്നും കോടതി ചൂണ്ടികാണിച്ചു.