ഇടുക്കിയിൽ ഇന്ന് ഹർത്താൽ

single-img
28 November 2022

തൊടുപുഴ: ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.

1964 ലെയും 93 ലെയും ഭൂ പതിവ് ചട്ടങ്ങളുടെ ഭേദഗതി പരമാവധി വേഗത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി കരട് തയ്യാറാക്കി ആദ്യ ഘട്ട ചര്‍ച്ച കഴിഞ്ഞു നിര്‍ദ്ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. നിയമ പരമായി ചോദ്യം ചെയ്യപ്പെടാനാകാത്ത വിധം നിയമസഭയില്‍ ചര്‍ച്ച ചെയ്ത് ബില്ലായി പാസാക്കാണ് ഉദ്ദേശിക്കുന്നത്.

ആളുകളെ വ്യാപകമായി കുടിയിറക്കാന്‍ ശമിക്കുന്നു എന്ന ആശങ്കയുണ്ടാക്കി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം. കുറിഞ്ഞി സങ്കേതം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായ് അടുത്ത വര്‍ഷം സെറ്റില്‍മെന്‍റ് അക്‌ട് പാസ്സാക്കും. ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട് അതിര്‍ത്തി സംസ്ഥാനങ്ങളുമായി ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു

അതിനിടെ ഇടുക്കിയിലെ കെട്ടിട നിര്‍മ്മാണ നിരോധനം അടക്കമുള്ള വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലാചരിക്കുകയാണ്. ഇടുക്കിലെ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ 1964 ലെയും 93 ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക, സംരക്ഷിത മേഖലക്കു ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ ഏ‌ര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹര്‍ത്താല്‍. വ്യവസായ മന്ത്രി പി രാജീവ് സംരംഭകരുമായി സംവദിക്കാന്‍ എത്താന്‍ നിശ്ചയിച്ചിരുന്ന ദിവസമായതിനാലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിനെ തുടര്‍ന്ന് മന്ത്രിയുടെ സന്ദര്‍ശനം മാറ്റി. വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.