സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളിൽ പകുതിയും ഉന്നത നിലവാരത്തിൽ: മന്ത്രി മുഹമ്മദ് റിയാസ്

single-img
28 September 2023

കേരളത്തിലെ പൊതുമരാമത്ത് റോഡുകളില്‍ പകുതി റോഡുകളും ഉയര്‍ന്ന നിലവാരത്തിലെത്തിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ആകെ 29,590 കിലോ മീറ്റര്‍ റോഡുകളില്‍ 16,456 കിലോ മീറ്റര്‍ റോഡുകളും ബിഎം ആന്റ് ബിസി നിലവാരത്തിലേക്ക് മാറിയിട്ടുണ്ട്.

ഇപ്പോഴുള്ള റണ്ണിംങ് കോണ്‍ട്രാക്റ്റ് സംവിധാനത്തിലൂടെയുള്ള റോഡ് പരിപാലനം തുടര്‍ന്ന് കൊണ്ട് പോകുമെന്നും ജനങ്ങള്‍ക്ക് പരിശോധിക്കാവുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കി സുതാര്യത ഉറപ്പ് വരുത്തുമെന്നും മന്ത്രി അറിയിച്ചു.

ചാലക്കുടി നഗരസഭയെയും മേലൂര്‍ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കല്ലുകുത്തി മുതല്‍ ഓള്‍ഡ് എന്‍എച്ച് വരെ നീളുന്ന റോഡ് ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള റോഡ് 2.62 കോടി രൂപ ചെലവിലാണ് ബി എം ആന്റ് ബി സി നിലാവാരത്തില്‍ നിര്‍മ്മിച്ചതെന്നും മന്ത്രി അറിയിച്ചു.