വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ആന്ധ്രയില്‍ നിന്നും കൂടുതല്‍ അരി എത്തിക്കാന്‍ സര്‍ക്കാര്‍

single-img
2 November 2022

തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ആന്ധ്രയില്‍ നിന്നും കൂടുതല്‍ അരി എത്തിക്കാന്‍ സര്‍ക്കാര്‍.

കടല, വന്‍പയര്‍, മല്ലി, വറ്റല്‍ മുളക്, പിരിയന്‍ മുളക് എന്നിവയും ആന്ധ്രയിലെ കര്‍ഷകരില്‍നിന്ന് സംഭരിച്ച്‌ വിതരണത്തിന് എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

മാസം 3840 മെട്രിക് ടണ്‍ ജയ അരി എത്തിക്കാനാണ് ആന്ധ്രയുമായി ധാരണയിലെത്തിയിട്ടുള്ളത്. ഡിസംബര്‍ മുതല്‍ ഉല്‍പ്പന്നങ്ങള്‍ എത്തുമെന്ന് മന്ത്രി അറിയിച്ചു. ആന്ധ്ര ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവുവുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് മന്ത്രി അനില്‍ ഇക്കാര്യം അറിയിച്ചത്.

ആന്ധ്രയിലെ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില നല്‍കിയാണ് സംഭരണം. ആന്ധ്ര സിവില്‍സപ്ലൈസ് കോര്‍പറേഷനാണ് സംഭരണച്ചുമതല. ആന്ധ്രയില്‍നിന്ന് കേരളത്തിലേക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള ചെലവും കേരളം നല്‍കും.

സാധനങ്ങളുടെ ഗുണനിലവാരം ആന്ധ്രയിലെയും കേരളത്തിലെയും സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥരുടെ സംയുക്തസംഘം പരിശോധിക്കും. യഥാര്‍ഥ ജയ അരി സംസ്ഥാനത്തിലെ കര്‍ഷകരാണ് ഉല്‍പ്പാദിക്കുന്നതെന്നും ഗുണനിലവാരമുള്ള അരിയും മറ്റ് ഉല്‍പ്പന്നങ്ങളുമാണ് ലഭ്യമാക്കുകയെന്നും ആന്ധ്ര ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവു പറഞ്ഞു. ഇരു സംസ്ഥാനത്തെയും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും മന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുത്തു