ക്രിമിനൽ കേസ് പ്രതികളായ ബിജെപി നേതാക്കൾക്കായി ഗവർണറുടെ ഇടപെടൽ; മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്

single-img
1 December 2022

സംസ്ഥാനത്തെ ക്രിമിനൽ കേസിൽ വരെ പ്രതികളായ ബിജെപി നേതാക്കൾക്കായി ഗവർണറുടെ ഇടപെടൽ. ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രൻ പ്രതിയായ കോഴകേസുകളിൽ ഉൾപ്പെടെ ഉചിതമായ പരിഗണന ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത് വന്നു .

ബിജെപി നേതാക്കൾ ഗവർണർക്ക് നൽകിയ നിവേദനം പരിഗണിച്ചായിരുന്നു ഗവർണറുടെ ഈ ഇടപെടൽ. ആ അസാധാരണ നീക്കം പക്ഷെ സാധാരണ നടപടിക്രമമെന്ന് രാജ്ഭവന്‍റെ വിശദീകരണം. കാസർകോട് ജില്ലയിലെ ബദിയുടുക്ക പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഒന്നാം പ്രതിയായ കേസ് , കൊടകര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 77 ലക്ഷത്തിന്‍റെ കുഴൽപണ കേസ് , സ്ഥാനർത്ഥിയായ കെ സുന്ദരയെ തട്ടിക്കൊണ്ട് പോയ കേസ് എന്നിവയിൽ സംസ്ഥാന സർക്കാർ ബിജെപി നേതാക്കൾക്കെതിരെ പൊലീസിനെ തെറ്റായി ഉപയോഗിക്കുന്നു എന്നാരോപിച്ച് ബിജെപി നേതാക്കൾ നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്.

ഈ കേസുകളിൽ ഉചിതമായ പരിഗണന വേണമെന്നതാണ് കത്തിൽ ഗവർണറുടെ ആവശ്യപ്പെട്ടിരുന്നത് . 2021 ജൂൺ പത്തിനായിരുന്നു ഗവർണർ മുഖ്യമന്ത്രിക്ക് നേരിട്ട് കത്തയച്ചത്. നിദേവനത്തിൽ ഒപ്പ് വെച്ചിരുന്നത് ഒ രാജഗോപാൽ , കുമ്മനം രാജശേഖരൻ , പി സുധീർ , എസ് സുരേഷ് , വി വി രാജേഷ് എന്നി ബിജെപി നേതാക്കളാണ്. എന്നാൽ ഏത് പരാതി വന്നാലും ഉചിതമായ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കയക്കുന്നത് സാധാരണ നടപടിക്രമമെന്ന് രാജ്ഭവൻ വിശദീകരിച്ചു.