ചാന്‍സലര്‍ ബില്ലില്‍ രാജ്ഭവന്‍ നിയമപദേശം തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ദില്ലി: ചാന്‍സലര്‍ ബില്ലില്‍ രാജ്ഭവന്‍ നിയമപദേശം തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
താന്‍ ബില്‍ കണ്ടിട്ടില്ല. കണ്‍കറന്‍റ് ലിസ്റ്റില്‍ വരുന്ന വിഷയങ്ങള്‍ സംസ്ഥാനത്തിന് മാത്രമായി നിയമ നിര്‍മാണം പറ്റില്ല. കേന്ദ്രത്തിന്‍റെ അനുമതി വേണം. ഈ അഭിപ്രായം കൂടി പരിഗണിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിദ്യാഭ്യാസം കണ്‍കറന്‍റ് പട്ടികയില്‍ ഉള്ളതിനാല്‍ സംസ്ഥാനത്തിന് മാത്രം തീരുമാനമെടുക്കാനാകില്ല എന്നാണ് ഗവര്‍ണറുടെ നിലപാട്. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റുന്ന ബില്ലില്‍ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയതുമാണ്. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാകും തുടര്‍ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാല്‍ പിന്നെ ബില്ലില്‍ തീരുമാനം ഉടനൊന്നും സാധ്യതയില്ല. വിസി നിര്‍ണ്ണയ സമിതിയില്‍ നിന്നും ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ മാസങ്ങളായി രാജ്ഭവനില്‍ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.
ലോകായുക്ത ബില്ലിലും തീരുമാനമെടുത്തിട്ടില്ല. സര്‍വകലാശാല അപ്പലേറ്റ് ട്രിബ്യൂണല്‍ ഭേദഗതി ബില്ലില്‍ ഒരു വര്‍ഷത്തിലേറെയായി ഗവര്‍ണറുടെ തീരുമാനം നീളുകയാണ്. ചാന്‍സലര്‍ ബില്ലില്‍ തീരുമാനം അനന്തമായി നീട്ടിയാല്‍ നിയമവഴി തേടാനാണ് സര്‍ക്കാര്‍ നീക്കം. നേരത്തെ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തുടങ്ങിയിരുന്നു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതിലും ബില്ലുകളില്‍ തീരുമാനം നീട്ടരുത് എന്ന കാര്യത്തിലും പ്രതിപക്ഷം സര്‍ക്കാരിന്‍റെ നിലപാടിനൊപ്പമാണെന്ന് നിയമസഭയില്‍ വ്യക്തമായതാണ്.