ഗവർണർ കേരളത്തില്‍ ആർഎസ്എസിന്റെ അജന്‍ഡ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട അടിമ: എം സ്വരാജ്

single-img
14 November 2022

സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരു ആര്‍എസ്എസുകാരനാണെന്നും,അവരുടെ അജന്‍ഡ കേരളത്തില്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട അടിമയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം കൈപ്പിടിയിലൊതുക്കാന്‍ ആര്‍എസ്എസ് നടത്തുന്ന ശ്രമത്തിന് വിടുപണിചെയ്യുകയാണ് ഗവര്‍ണറെന്നും അദ്ദേഹം ആരോപിച്ചു.

നിലവിൽ കള്ളക്കടത്തുകേസിലെ പ്രതികള്‍ക്കും തട്ടിപ്പുകാര്‍ക്കും നല്‍കുന്ന പരിഗണനയാണ് കേരളത്തിലെ സമൂഹം ഗവര്‍ണര്‍ക്കും നല്‍കുന്നത്. കാരണം, കള്ളക്കടത്തുകാരുടെ അതേ നിലവാരത്തിലാണ് ഗവർണർ സംസാരിക്കുന്നത്. രാഷ്ട്രീയക്കാരും മുന്‍ഗവര്‍ണര്‍മാരുമെല്ലാം മഹദ് വ്യക്തികളുടെ ഉദ്ധരണികളാണ് എടുത്തിരുന്നതെങ്കില്‍ ആരിഫ് മുഹമ്മദ് ഖാന്‍ തട്ടിപ്പുകാരെ ഉദ്ധരിച്ചാണ് സംസാരിക്കുന്നത്.

കമ്യൂണിസ്റ്റുകാര്‍ വിദേശ ആശയങ്ങളുടെ വക്താക്കളാണെന്ന് ആക്ഷേപിക്കുന്ന അദേഹം ‘ഗവര്‍ണര്‍’ എന്ന വാക്കുപോലും കടംകൊണ്ടതാണെന്ന് മറക്കുന്നുവെന്ന് സ്വരാജ് പറഞ്ഞു. ഇന്ത്യയുടെ ഭരണഘടന, ജനാധിപത്യം, ബഹുസ്വരത, മതനിരപേക്ഷത ഇതൊന്നും അംഗീകരിക്കാത്തവരാണ് ആര്‍എസ്എസ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുപോലും അവർ എതിരായിരുന്നു

ഇപ്പോഴാവട്ടെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തി ജനഹിതം അട്ടിമറിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അതിനുവേണ്ടിയുള്ള കളം ഒരുക്കുകയാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നതെന്നും എം സ്വരാജ് പറഞ്ഞു.