സ്വപ്ന സുരേഷിന് ശമ്ബളമായി നല്‍കിയ ലക്ഷങ്ങള്‍ നിയമപോരാട്ടത്തിലൂടെ തിരിച്ചുപിടിക്കാനുറച്ച്‌ സര്‍ക്കാര്‍

single-img
8 October 2022

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ശമ്ബളമായി നല്‍കിയ ലക്ഷങ്ങള്‍ നിയമപോരാട്ടത്തിലൂടെ തിരിച്ചുപിടിക്കാനുറച്ച്‌ സര്‍ക്കാര്‍.സ്വപ്നയെ ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ നിയമിച്ച ഏജന്‍സിയില്‍നിന്ന് പണം തിരികെ കിട്ടില്ലെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കം.

കോടതിയില്‍നിന്ന് അനുകൂല വിധി സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ശിപാര്‍ശയുടെ കൂടി അടിസ്ഥാനത്തിലാണ് സ്വപ്നക്ക് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് (കെ.എസ്.ഐ.ടി.ഐ.എല്‍) കീഴിലെ സ്പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചത്.

മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതിരുന്ന സ്വപ്ന വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാണ് ഈ ജോലി നേടിയതും. സ്വര്‍ണക്കടത്തില്‍ പ്രതിയായതിനെ തുടര്‍ന്ന് സ്വപ്നയെ പിരിച്ചുവിടുകയായിരുന്നു. ജോലി ചെയ്തിരുന്ന കാലത്ത് 17 ലക്ഷത്തോളം രൂപയാണ് ശമ്ബളമായി നല്‍കിയത്. ഈ തുക തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് നിയമന ഏജന്‍സിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് (പി.ഡബ്ല്യു.സി) കെ.എസ്.ഐ.ടി.ഐ.എല്‍ നോട്ടീസ് അയച്ചെങ്കിലും കഴിയില്ലെന്നായിരുന്നു അവരുടെ മറുപടി. വീണ്ടും ആവശ്യപ്പെടുകയും പി.ഡബ്ല്യു.സിയെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെ പ്രശ്നം സങ്കീര്‍ണമായി. വിലക്കേര്‍പ്പെടുത്തിയ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ എന്തിനാണ് നോട്ടീസ് അയച്ചതെന്നായിരുന്നു പി.ഡബ്ല്യു.സിയുടെ ചോദ്യം. ഒരേ വിഷയവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ കോടതിയില്‍ മറുപടി പറയാമെന്ന നിലപാടിലാണ് പി.ഡബ്ല്യു.സി. അതോടെയാണ് ഇക്കാര്യം കോടതിയില്‍ നേരിടാമെന്ന നിലപാടിലേക്ക് കെ.എസ്.ഐ.ടി.ഐ.എല്‍ എത്തിയത്.