മുഖ്യമന്ത്രി ഉറപ്പ് പാലിച്ചു; കെഎസ്ആർടിസി ശമ്പള കുടിശ്ശിക തീർക്കാൻ 100 കോടി അനുവദിച്ചു

single-img
6 September 2022

ശമ്പള കുടിശ്ശിക തീർക്കാൻ സംസ്ഥാന സർക്കാർ കെഎസ്ആർടിസിക്ക് 100 കോടി അനുവദിച്ചു. ഇന്നലെ നടന്ന ചർച്ചയിൽ ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതനുസരിച്ചാണ് പണം നൽകിയത്.എല്ലാ മാസവും അഞ്ചാം തീയതിയ്ക്കുള്ളിൽ ശമ്പളം നല്‍കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

ഇതോടെ കെഎസ്ആർടിസി ജീവനക്കാരുടെ കുടിശികയും, ഓഗസ്റ്റ് മാസത്തെ ശമ്പളവും നൽകും. കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് പൂർത്തിയാകും എന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.

അതേസമയം സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത് ചർച്ചചെയ്യാൻ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ യോഗം വിളിച്ചു. മൂന്നരയ്ക്ക് കെഎസ്ആർടിസി ആസ്ഥാനത്ത് ക്ലസ്റ്റർ ഉദ്യോഗസ്ഥരുടെ യോഗം ചേരും. ഡ്യൂട്ടി പരിഷ്കരണത്തെക്കുറിച്ച് വ്യക്തമായി പഠിച്ച് എത്തണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അടുത്തമാസം മുതല്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജുവും അറിയിച്ചു. മൂന്ന് മാസം പരീക്ഷണാടിസ്ഥാനത്തിലാണ് ഡ്യൂട്ടി നടപ്പാക്കുക.