ബൗളര്‍മാരെ കടന്നാക്രമിക്കുന്ന ഇന്ത്യന്‍ ശൈലിയെ വിമര്‍ശിച്ച്‌ ഗൗതം ഗംഭീറും വസീം അക്രവും

single-img
30 August 2022

ദുബായ്: ബൗളര്‍മാരെ കടന്നാക്രമിക്കുന്ന ഇന്ത്യന്‍ ശൈലിയെ വിമര്‍ശിച്ച്‌ മുന്‍താരങ്ങളും കമന്‍റേറ്റര്‍മാരുമായ ഗൗതം ഗംഭീറും വസീം അക്രവും.

20 ഓവര്‍ കളിച്ച്‌ ലക്ഷ്യം നേടാനാണ് നിങ്ങള്‍ ആഗ്രഹിക്കേണ്ടതും സാഹസികത എടുക്കേണ്ട കാര്യമില്ലെന്നും അക്രം പറഞ്ഞു. സാഹചര്യത്തിന് അനുസരിച്ച്‌ കളിക്കുകയാണ് വേണ്ടതെന്നും അത്യന്തികമായി മത്സരം ജയിക്കുകയാണ് ലക്ഷ്യമെന്ന് ഗംഭീര്‍ പറഞ്ഞു.

‘ഇത് ഇന്ത്യ-പാകിസ്ഥാന്‍ മത്സരമാണ്. നിങ്ങള്‍ സാഹസികത എടുക്കേണ്ട കാര്യമില്ല. 20 ഓവര്‍ കളിച്ച്‌ ലക്ഷ്യം നേടാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. പോസിറ്റീവ് രീതിയിലാണ് ഇന്ത്യ കളിക്കുന്നത്, എന്നാല്‍ അതിനൊപ്പം സാഹചര്യം അറിഞ്ഞും വേണം ബാറ്റ് വീശാന്‍. ഇന്ത്യയുടെ ബാറ്റിംഗ് ശൈലി മാറിയതായി കേള്‍ക്കുന്നു. ഒരു താരം 50 പന്തില്‍ 60 റണ്‍സെടുക്കുന്നത് ക്യാപ്റ്റന്‍ ആഗ്രഹിക്കുന്നില്ല. 25 പന്തില്‍ 50 എടുക്കുകയാണ് അദ്ദേഹത്തിന് വേണ്ടത്’ വസീം അക്രം സ്റ്റാര്‍ സ്പോര്‍ട്‌സില്‍ പറഞ്ഞു.

‘പോസിറ്റിവിറ്റി എന്നതുകൊണ്ട് നിങ്ങള്‍ ആവേശം കാണിക്കണം എന്നല്ല അര്‍ത്ഥം. അത്യന്തികമായി മത്സരം ജയിക്കുകയായിരിക്കണം ലക്ഷ്യം. 15-ാം ഓവറിലാണോ 19-ാം ഓവറിലാണോ ജയിക്കുന്നത് എന്നത് ഘടകമല്ല. സാഹചര്യത്തിന് അനുസരിച്ച്‌ കളിക്കുകയാണ് വേണ്ടത്’.

‘ന്യൂബോളില്‍ മുന്‍തൂക്കം ബൗളര്‍മാര്‍ക്കുണ്ടെങ്കില്‍ ആക്രമിച്ച്‌ കളിക്കാന്‍ ശ്രമിച്ചാല്‍ ആറ് ഓവറിനിടെ 3-4 വിക്കറ്റുകള്‍ നഷ്‌ടമാകാന്‍ വഴിയൊരുക്കും. അതോടെ മത്സരം തീരും. 148 റണ്‍സാണ് പിന്തുടരുന്നതെങ്കില്‍ ആറ് ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്തി 60 റണ്‍സ് നേടിയിട്ട് എന്ത് കാര്യം. ഇത് എതിര്‍ ടീം മത്സരത്തിലേക്ക് തിരിച്ചുവരാന്‍ മാത്രമേ ഉപകരിക്കൂ’ ഗംഭീര്‍ പറഞ്ഞു.