എന്ത് പറഞ്ഞാലും മിണ്ടാതിരുന്ന് ജീവിക്കാൻ എനിക്ക് കഴിയില്ലെന്ന് മനസിലായി; വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഗൗരി കൃഷ്ണൻ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി ഗൗരി കൃഷ്ണൻ തന്റെ വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി വിശദമായി പ്രതികരിച്ചു. സീരിയൽ സംവിധായകൻ മനോജുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചതിന് പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞ ഗൗരി, ഒരു ബന്ധത്തിൽ പരസ്പര സാന്നിധ്യത്തിനും മനസ്സിലാക്കലിനും വലിയ പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കി.
ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളൊന്നും താൻ ദുഃഖത്തോടെ കാണുന്നില്ലെന്നും, മറിച്ച് സ്വയം കൂടുതൽ തിരിച്ചറിയാൻ അത് സഹായിച്ചുവെന്നുമാണ് ഗൗരി പറയുന്നത്. “എനിക്ക് എന്താണ് ജീവിതത്തിൽ വേണ്ടതെന്ന് ഈ അനുഭവത്തിലൂടെയാണ് വ്യക്തമായത്. എന്ത് പറഞ്ഞാലും മിണ്ടാതിരുന്ന് ജീവിക്കാൻ എനിക്ക് കഴിയില്ലെന്ന് മനസിലായി. ഭാവിയിൽ ഒരു ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുകയാണെങ്കിൽ, അത് മനസിലാക്കുന്ന ഒരാളായിരിക്കണം,” ഗൗരി പറഞ്ഞു.
വിവാഹബന്ധം തകർന്നതിന്റെ ഉത്തരവാദിത്തം ഒരാളിൽ മാത്രം ചുമത്താനാകില്ലെന്നും, ഓരോരുത്തർക്കും അവരുടേതായ ഇഷ്ടങ്ങളും ജീവിതരീതികളും ഉണ്ടെന്നും ഗൗരി വ്യക്തമാക്കി. ഒരാളെ വിവാഹം കഴിച്ചുവെന്ന് കരുതി അവരുടെ എല്ലാ താൽപര്യങ്ങളും നമ്മുടേതുമായി ഒത്തുപോകണമെന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
“ഒരു ബന്ധത്തിൽ തുടരാൻ സ്റ്റാറ്റസ് മാത്രം പോര. ആ വ്യക്തിയുടെ സാന്നിധ്യവും സമയവും എനിക്ക് പ്രധാനമാണ്. മാസത്തിൽ രണ്ടോ മൂന്നോ ദിവസം പോലും ഒരുമിച്ച് ചെലവഴിക്കാൻ കഴിയാത്ത സാഹചര്യം വന്നപ്പോൾ ആ ബന്ധത്തിൽ തുടരുന്നതിന് അർഥമില്ലെന്ന് തോന്നി,” ഗൗരി പറഞ്ഞു.
ഭർത്താവിന്റെ ഇഷ്ടങ്ങളും ജീവിതശൈലിയും വ്യത്യസ്തമായിരുന്നുവെന്നും അതിനെ കുറ്റപ്പെടുത്താൻ തനിക്ക് കഴിയില്ലെന്നും നടി പറഞ്ഞു. ബന്ധം നിലനിർത്താൻ ശ്രമിച്ചെങ്കിലും അത് കൂടുതൽ സങ്കീർണമാകുകയായിരുന്നുവെന്നും, അതിനാൽ പരസ്പര ബഹുമാനത്തോടെ വേർപിരിയാനാണ് തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.
“മാരീഡ് എന്ന ഒരു ലേബൽ മാത്രം എനിക്ക് ആവശ്യമില്ല. ഒരു ജീവിതപങ്കാളിക്കൊപ്പമുള്ള ജീവിതം എനിക്ക് ഇഷ്ടമാണ്. എന്നാൽ ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്നെയും ആഗ്രഹിക്കുകയും മനസിലാക്കുകയും ചെയ്യുന്ന ഒരാളായിരിക്കണം. അല്ലെങ്കിൽ അത് ഇരുവർക്കും ബുദ്ധിമുട്ടാകും,” ഗൗരി പറഞ്ഞു.
മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ഗൗരി കൃഷ്ണൻ തന്റെ വ്യക്തിജീവിതത്തെയും വിവാഹമോചനാനുഭവത്തെയും കുറിച്ച് തുറന്നുപറഞ്ഞത്.


