റോഡരികിൽ രണ്ട് ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് വാരി വിതറിയ നിലയിൽ: അന്വേഷണവുമായി എക്സൈസ്

single-img
20 December 2023

തലശ്ശേരിക്ക് സമീപം കൊടുവള്ളിയിലെ റോഡരികിൽ രണ്ട് ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് വാരി വിതറിയ നിലയിൽ കണ്ടെത്തി. പോലീസ് പരിശോധനയെ ഭയന്ന് ഉപേക്ഷിച്ചതാണെന്നാണ് സൂചന. സംഭവത്തിൽ എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ഇതുവഴിയുള്ള ദേശീയപാതയിൽ പൊലീസ് വാഹനപരിശോധന നടത്തുന്നതറിഞ്ഞു ലഹരി ഇടപാടുകാർ കഞ്ചാവ് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നിഗമനം .

ഏകദേശം എട്ടരക്കിലോയോളം വരുന്ന കഞ്ചാവ് ഉപേക്ഷിച്ചത് കൊടുവള്ളിയിൽ ഒരു കാർ വാഷ് സെന്ററിനടുത്തായിരുന്നു . ഇവിടെയുള്ള പുൽച്ചെടികൾക്കിടയിൽ വാരി വിതറിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.

അതിനുശേഷം എക്സൈസ് സംഘമെത്തി കഞ്ചാവ് കസ്റ്റഡിയിലെടുത്തു. ക്രിസ്മസ്- ന്യൂ ഇയർ പ്രമാണിച്ച് വിൽപ്പനയ്ക്കായി കോഴിക്കോട് നിന്ന് എത്തിച്ചതാണെന്നാണ് സൂചന. പ്രതികളെന്ന് സംശയിക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .