അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇല്ലെന്നു ഗാന്ധി കുടുംബം; അടുത്ത അധ്യക്ഷൻ ആരാകും

single-img
30 August 2022

ന്യഡൽഹി: കോൺഗ്രസിൻ്റെ അടുത്ത സ്ഥിരം ദേശീയ അധ്യക്ഷൻ ആരെന്ന കാര്യത്തിൽ സംശയങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് ഗാന്ധികുടുംബം. താത്കാലിക അധ്യക്ഷയായ സോണിയ ഗാന്ധി സ്ഥാനമൊഴിയുമ്പോൾ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗാന്ധികുടുംബത്തിൽ നിന്ന് ആരും ഉണ്ടാകില്ലെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഈ സാഹചര്യത്തിലാണ് ശശി തരൂ‍ര്‍ അടക്കമുള്ള നേതാക്കളുടെ പേരുകൾ ഉയര്‍ന്നു കേള്‍ക്കുന്നത്.

വരുന്ന ഒക്ടോബര്‍ മാസത്തിൽ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്താനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചത്. താൻ ഇനി തുടരാനില്ലെന്നും ഗാന്ധികുടുംബത്തിന് പുറത്തുനിന്ന് ഒരാൾ കോൺഗ്രസ് അധ്യക്ഷനാകണമെന്നും സോണിയ ഗാന്ധി നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളായ അശോക് ഗെലോട്ടിൻ്റെയും കമൽ നാഥിൻ്റെയും പേരുകളും സോണിയ മുന്നോട്ടു വെച്ചു. എന്നാൽ രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്നും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും താത്പര്യം ഇതാണെന്നും അശോക് ഗെലോട്ട് മറുപടി നൽകുകയും ചെയ്തു. എന്നാൽ അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ, പ്രിയങ്ക, സോണിയ എന്നിവര്‍ ആരും മത്സരിക്കില്ലെന്ന് വ്യക്തമായതോടെ ഈ സാധ്യത മങ്ങി. അതേസമയം, ആരു മത്സരിച്ചാലും ഗാന്ധികുടുംബം ഇതിനെ എതിര്‍ക്കില്ലെന്നും എഐസിസി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ഗാന്ധികുടുംബത്തിൽ നിന്ന് അധ്യക്ഷനാകാൻ ആരും മുന്നോട്ടു വന്നില്ലെങ്കിൽ അധ്യക്ഷസ്ഥാനത്തേയ്ക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് സാധ്യത. ഈ ഫോര്‍മുലയെ വിമതനേതാക്കളായ ജി23 ഗ്രൂപ്പും പിന്തുണയ്ക്കുന്നുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിൻ്റെ പേര് ഇപ്പോഴും ചര്‍ച്ചകളിലുണ്ട്. ഇതിനു പുറമെയാണ് ശശി തരൂര്‍, മനീഷ് തിവാരി തുടങ്ങിയ പേരുകളും ഉയരുന്നത്. ഗാന്ധികുടുംബത്തിന് താത്പര്യമുണ്ടെങ്കിലും അശോക് ഗെലോട്ടിനെ എത്ര നേതാക്കൾ പിന്തുണയ്ക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ പാര്‍ട്ടിയ്ക്ക് പുറത്തും നിഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയിലും ജനപ്രതീതിയുള്ള ശശി തരൂരിൻ്റെ പേരിനും സാധ്യതകൾ കൽപ്പിക്കപ്പെടുന്നുണ്ട്. കോൺഗ്രസിൽ നിന്ന് അടുത്തിടെ രാജിവെച്ച ഗുലാം നബി ആസാദും തരൂരിൻ്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കുന്നുണ്ട്.

ശശി തരൂര്‍ കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാൽ ദേശീയതലത്തിൽ തന്നെ കോൺഗ്രസ് പുനരുദ്ധരിക്കപ്പെടും എന്ന് കരുതുന്നവ‍ര്‍ ഏറെയാണ്. തെന്നിന്ത്യയിൽ പിടിമുറുക്കാൻ ബിജെപി ശ്രമിക്കുന്ന കാലത്ത് ഇതിനു തടയിടാൻ തരൂരിൻ്റെ സാമിപ്യം സഹായിച്ചേക്കും. സീസണൽ ആയി മാത്രം ഇടപെടൽ നടത്തുകയും പിന്നീട് തിരശീലയ്ക്ക് പിന്നിലേയ്ക്ക് മായുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയ്ക്ക് പകരം അന്താരാഷ്ട്ര പ്രശസ്തിയും വിവിധ വിഷയങ്ങളിൽ വലിയ പാണ്ഡിത്യവുമുള്ള തരൂ‍ര്‍ മോദിയ്ക്ക് ഒത്ത എതിരാളി എന്ന പ്രതിച്ഛായയും സൃഷ്ടിച്ചേക്കും. മറ്റു പല കോൺഗ്രസ് നേതാക്കളെയും അപേക്ഷിച്ച് പൊതുജന പിന്തുണയും അദ്ദേഹത്തിനുണ്ട്. മലയാളമാണ് മാതൃഭാഷയെങ്കിലും ഹിന്ദിയും ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യും. എന്നാൽ ദേശീയ അധ്യക്ഷസ്ഥാനത്തേയ്ക്ക് തരൂരിനെ എത്ര നേതാക്കൾ പിന്തുണയ്ക്കും എന്നതാണ് ശ്രദ്ധേയമായ ചോദ്യം.

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുപ്പ് വേണമെന്ന പഴയ നിലപാട് ആവര്‍ത്തിക്കുകയാണ് തരൂര്‍. വിമതവിഭാഗത്തിൽ നിന്ന് സ്ഥാനാര്‍ഥിയുണ്ടായാൽ ശശി തരൂര്‍ തന്നെ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഗാന്ധികുടുംബം ഏതെങ്കിലും നേതാവിനെ നോമിനേറ്റ് ചെയ്താൽ അത് മനീഷ് തിവാരി ആകാനാണ് സാധ്യത. തെരഞ്ഞെടുപ്പ് നടത്തി ശക്തനായ കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്തേണ്ട ആവശ്യകതയെപ്പറ്റി തരൂര്‍ കഴിഞ്ഞ ദിവസം മാതൃഭൂമി വെബ്സൈറ്റിൽ എഴുതിയ ഒരു കോളത്തിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ തരൂര്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ തരൂര്‍ ഇതുവരെ തയ്യാറായിട്ടില്ല.