മഹിഷാസുരനു പകരം ഗാന്ധിജി; ഹിന്ദു മഹാസഭയുടെ ബൊമ്മക്കുലു വിവാദത്തിൽ

single-img
3 October 2022

അഖിലേന്ത്യ ഹിന്ദു മഹാസഭ ദുർഗ്ഗാ പന്തലിൽ ഹിഷാസുര ബൊമ്മക്കുലുവിന് പകരം മഹാത്മാഗാന്ധിയുടെ രൂപമുള്ള ബൊമ്മക്കുലു വെച്ചതായി ആരോപണം. തെക്കുപടിഞ്ഞാറന്‍ കൊല്‍ക്കത്തയിലെ റൂബി ക്രോസിംഗിന് സമീപം ചടങ്ങിലാണ് സംഭവം. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് പരിപാടി സംഘടിപ്പിച്ചത്. സംഭവം വിവാദമായതോടെ ഗാന്ധിയോട് രൂപസാദൃശ്യമുള്ള ബൊമ്മക്കുലു നീക്കം ചെയ്യാന്‍ പൊലീസ് അഖില ഭാരതീയ ഹിന്ദു മഹാസഭയ്ക്ക് നിര്‍ദേശം നല്‍കി.

ദുർഗ മാതാവ് കൊല്ലുന്ന നമ്മുടെ അസുരൻ ഗാന്ധിയെപ്പോലെ കാണപ്പെടുന്നത് യാദൃശ്ചികമാണ് എന്നാണു ഇതിനോട് പശ്ചിമ ബംഗാൾ അഖിലേന്ത്യാ ഹിന്ദു മഹാസഭ പ്രസിഡന്റ് ചന്ദ്രചൂർ ഗോസ്വാമി പറഞ്ഞത്. ഗാന്ധിയെ വിമർശിക്കാൻ ഞങ്ങൾ ഭയപ്പെടുന്നില്ല. ആരെങ്കിലും പൂച്ചയ്ക്ക് മണികെട്ടണം. ഗാന്ധിജി ബഹുമാനം അർഹിക്കുന്നില്ല. ഗാന്ധി-മുക്ത് ഭാരതവർഷ് വേണമെന്ന് എല്ലാവർക്കും വ്യക്തമായ സന്ദേശം അയക്കാൻ ഞങ്ങൾ ഈ അവസരത്തിൽ ആഗ്രഹിക്കുന്നു- ചന്ദ്രചൂർ ഗോസ്വാമി പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ്, പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപി, സിപിഐഎം, കോണ്‍ഗ്രസ് മുതലായവര്‍ സംഭവത്തില്‍ എതിർപ്പുമായി രംഗത്ത് വന്നു. രാക്ഷസനെ മാറ്റി മഹാത്മാഗാന്ധിയെ പ്രതിഷ്ഠിക്കുന്നത് നീചമാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷ് പറഞ്ഞു. ഇതാണ് ബിജെപിയുടെ യഥാർത്ഥ മുഖമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.