താമസിക്കുന്ന വീട്ടില്‍ നിന്നും ഒഴിഞ്ഞ് പോകാന്‍ റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയെന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ വാദം തെറ്റ്; കള്ളകളി പൊളിയുന്നു

single-img
27 November 2022

ഇടുക്കി : താന്‍ താമസിക്കുന്ന വീട്ടില്‍ നിന്നും ഒഴിഞ്ഞ് പോകാന്‍ റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയെന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ വാദം തെറ്റ്.

രാജേന്ദ്രന്‍ താമസിക്കുന്ന വീടിനല്ല പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയതെന്നാണ് വിവരം. ഈ വീട് ഇദ്ദേഹം വാടകക്ക് നല്‍കിയിരിക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ താന്‍ താമസിക്കുന്ന വീടിനാണ് ഒഴിഞ്ഞ് പോകാന്‍ നോട്ടീസ് നല്‍കിയതെന്നായിരുന്നു രാജേന്ദ്രന്‍ ഇന്നലെ മാധ്യമങ്ങളോടടക്കം പറഞ്ഞത്.

അതിനിടെ ഉദ്യോഗസ്ഥരുടെ കള്ളക്കളിയും പുറത്ത് വന്നു. കയ്യേറ്റ ഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടികള്‍ വൈകിപ്പിച്ചും പൊലീസില്‍ പരാതി നല്‍കാതെയും ഉദ്യോഗസ്ഥര്‍ നടത്തിയ കള്ളക്കളിയുടെ വിവരങ്ങളാണ് പുറത്ത് വന്നത്.

മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ കയ്യേറ്റ ഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കായി നോട്ടീസ് നല്‍കുന്നതാണ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് വൈകിപ്പിച്ചത്. നവംബര്‍ രണ്ടിന് നോട്ടീസ് നല്‍കിയെന്നാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറിനെ ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. എന്നാല്‍ നവംബര്‍ 19 നാണ് രാജേന്ദ്രന് നോട്ടീസ് നല്‍കിയത്.

രാജേന്ദ്രന് എതിരെ ക്രിമിനല്‍ കേസെടുക്കുന്നതിനുള്ള നടപടികളും വൈകിപ്പിച്ചുവെന്നാണ് വിവരം. രാജേന്ദ്രനെതിരെ കേസ് എടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടുവെന്ന് ഉദ്യോഗസ്ഥര്‍ ലാന്‍ഡ് റവന്യു കമ്മീഷണറെ അറിയിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയില്ല. ഒഴിപ്പിക്കല്‍ നടപടിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മാത്രമാണ് ഉദ്യോഗസ്ഥര്‍ എസ്പിയെ സമീപിച്ചത്.