ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു; ഇന്ന് അടപ്പിച്ചത് 32 സ്ഥാപനങ്ങൾ

single-img
5 January 2023

സംസ്ഥാന വ്യാപകമായി ഇന്ന് 545 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 14 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 18 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 32 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 177 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ശക്തമായ പരിശോധന തുടരുന്നതാണ്.

സംസ്ഥാന വ്യാപകമായി ഇന്നലെ 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. ഇതിൽ വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 48 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു എന്നും, 142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി എന്നും മന്ത്രി ഇന്നലെ അറിയിച്ചു.

അതേസമയം സംസ്ഥാന തലത്തില്‍ ഹോട്ടലുകളിൽ അപ്രതീക്ഷിത പരിശോധനകള്‍ക്കായി പ്രത്യേക സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ ഏത് ഭാഗത്തും ഈ ടാസ്‌ക് ഫോഴ്‌സിന് പരിശോധന നടത്താനാകും. അതത് പ്രദേശത്തെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഈ ടീമിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.