ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിനിടെ; കൊലപാതകം നടത്തുമ്പോള്‍ പ്രതി മദ്യലഹരിയിലല്ല; റിമാന്റ് റിപ്പോര്‍ട്ട്

single-img
30 July 2023

ആലുവയില്‍ അഞ്ചുവയസുകാരിയെ അസഫാക്ക് ആലം കൊലപ്പെടുത്തിയത് ബലാത്സംഗത്തിനിടെയെന്ന് പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ട്. ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടിതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങൾ പ്രകാരം പ്രതി അസഫാക്ക് ആലം കുട്ടിയെ ഉപദ്രവിക്കുമ്പോള്‍ കുട്ടി നിലവിളിച്ചതായും ഈ സമയത്ത് വായ മൂടിപ്പിടിച്ചെന്നും പറയുന്നു.

കുട്ടിയുടെ തന്നെ മേല്‍വസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കി അബോധാവസ്ഥയിലായപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം പ്രതി മദ്യലഹരിയില്‍ അല്ല, സ്വബോധത്തിലായിരുന്നുവെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബീഹാറിലെ ഗോപാല്‍ഗഞ്ചിലാണ് പ്രതിയുടെ വീട്. ഇനിയും സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള ആളാണ് പ്രതി. അതുകൊണ്ടുതന്നെ ജാമ്യം ലഭിച്ചാല്‍ ഇയാള്‍ ഒളിവില്‍ പോകാനുള്ള സാധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും പ്രതി സമാന കുറ്റകൃത്യങ്ങള്‍ നടത്തിയോ എന്ന് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ അന്വേഷണ സംഘം കൊലപാതകത്തിലെ തുടരന്വേഷണത്തിനായി ഇയാളുടെ സ്വദേശമായ ബിഹാറിലേക്ക് പോവുകയാണ്. പ്രതിയുടെ പശ്ചാത്തലം അറിയുന്നതിനായാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.