എസ്-400യ്ക്ക് പിന്നാലെ അഞ്ച് സ്ക്വാഡ്രനുകൾ കൂടി; ഇന്ത്യയിൽ തന്നെ നിർമിക്കാൻ റഷ്യയുടെ വമ്പൻ ഓഫർ

single-img
1 September 2026

ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ നിർദേശവുമായി റഷ്യ. നിലവിൽ ഇന്ത്യ സ്വന്തമാക്കിയിട്ടുള്ള എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് പിന്നാലെ അഞ്ച് എസ്-400 സ്ക്വാഡ്രനുകൾ കൂടി ഇന്ത്യയിൽ തന്നെ നിർമിക്കാൻ സഹകരിക്കാമെന്നാണ് റഷ്യ മുന്നോട്ടുവച്ചിരിക്കുന്ന നിർദേശം.

ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം കേന്ദ്ര സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിക്കും വലിയ നേട്ടമാകുന്നതാണ് നിർദേശം. എസ്-400 സംവിധാനത്തിന്റെ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറുകയും രാജ്യത്തെ പ്രാദേശിക പ്രതിരോധ നിർമാതാക്കളുമായി സഹകരിച്ച് സംവിധാനങ്ങൾ തദ്ദേശീയമായി നിർമിക്കുകയും ചെയ്യുന്നതിനാണ് റഷ്യ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

നേരത്തെ റഷ്യയിൽ നിന്ന് അഞ്ച് എസ്-400 സ്ക്വാഡ്രനുകൾ വാങ്ങുന്നതിനായി ഇന്ത്യ കരാർ ഒപ്പുവച്ചിരുന്നു. ഇതിൽ മൂന്ന് സ്ക്വാഡ്രനുകൾ ഇതിനകം ഇന്ത്യയിൽ വിന്യസിച്ചിട്ടുണ്ട്. ചൈന, പാകിസ്താൻ അതിർത്തികളിലെ തന്ത്രപ്രധാന മേഖലകളിൽ വ്യോമപ്രതിരോധ കവചം ഒരുക്കുന്നതിൽ ഇവ നിർണായക പങ്കാണ് വഹിക്കുന്നത്.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിതരണവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും ശേഷിക്കുന്ന രണ്ട് എസ്-400 സ്ക്വാഡ്രനുകളുടെ വിതരണം വേഗത്തിലാക്കുമെന്ന് റഷ്യ ഇന്ത്യയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കൂടുതൽ സംവിധാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമിക്കാനുള്ള പുതിയ നിർദേശം റഷ്യ മുന്നോട്ടുവച്ചിരിക്കുന്നത്.

അതേസമയം, ഇന്ത്യയുടെ തദ്ദേശീയ ദീർഘദൂര വ്യോമപ്രതിരോധ പദ്ധതിയായ ‘പ്രോജക്ട് കുശ’യുമായി റഷ്യൻ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിനുള്ള സാധ്യതകളും ചർച്ചയിലുണ്ട്. ദീർഘദൂര ശത്രു മിസൈലുകൾ, യുദ്ധവിമാനങ്ങൾ തുടങ്ങിയ വ്യോമഭീഷണികളെ ദൂരെയിരിക്കെ കണ്ടെത്തി പ്രതിരോധിക്കാൻ ശേഷിയുള്ള സംവിധാനമാണ് ലക്ഷ്യമിടുന്നത്.

എസ്-400 സാങ്കേതികവിദ്യയുടെ കൂടുതൽ തദ്ദേശീയവൽക്കരണം സാധ്യമായാൽ ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയ്ക്ക് വലിയ മുന്നേറ്റമാകും. ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനൊപ്പം ആഭ്യന്തര പ്രതിരോധ വ്യവസായത്തിനും പുതിയ അവസരങ്ങൾ തുറക്കുന്നതാണ് റഷ്യയുടെ നിർദേശമെന്നാണ് വിലയിരുത്തൽ.