പോപ്കോണിന് 300 രൂപ, ചായയ്ക്ക് 200 രൂപ; തിയേറ്ററുകളിലെ കൊള്ളവിലയ്‌ക്കെതിരെ നടപടി വേണമെന്ന് മേയർ വിവി രാജേഷ്

single-img
1 September 2026

സിനിമ തിയേറ്ററുകളിലെ ഭക്ഷ്യവസ്തുക്കൾക്ക് ഈടാക്കുന്ന അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ് രംഗത്ത്. തിയേറ്ററുകളിൽ ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന രീതിയിലാണ് വില ഈടാക്കുന്നതെന്നും ഇക്കാര്യത്തിൽ ലീഗൽ മെട്രോളജി വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുറത്ത് 30 രൂപയ്ക്ക് ലഭിക്കുന്ന പോപ്കോണിന് തിയേറ്ററുകളിൽ 300 രൂപ വരെയും 10 രൂപ വിലയുള്ള ഒരു ചായയ്ക്ക് 200 രൂപ വരെയും ഈടാക്കുന്ന സാഹചര്യമാണുള്ളതെന്ന് മേയർ ചൂണ്ടിക്കാട്ടി. തിയേറ്ററിനകത്ത് കയറിയാൽ മറ്റൊരു അത്ഭുതലോകത്ത് എത്തിയതുപോലെയാണെന്നും ഒരു ചായ വാങ്ങി കുടിക്കാൻ പോലും ലോൺ എടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു.

പുറത്തുനിന്ന് ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്നതിനും പല തിയേറ്ററുകളും അനുമതി നൽകുന്നില്ലെന്ന് മേയർ പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ ഒരു വ്യാപാര സ്ഥാപനത്തിനും ഇത്തരത്തിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

തിയേറ്ററുകളിലെ അമിതവില ഈടാക്കൽ സംബന്ധിച്ച് തിരുവനന്തപുരം കോർപറേഷൻ ഭരണസമിതിക്ക് ശക്തമായ വിയോജിപ്പുണ്ടെന്നും പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന സമീപനം അവസാനിപ്പിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.

സിനിമ കാണാനെത്തുന്ന കുടുംബങ്ങൾക്കും സാധാരണ പ്രേക്ഷകർക്കും അധിക സാമ്പത്തികഭാരം സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ കർശന നടപടി സ്വീകരിക്കണമെന്നും വി.വി. രാജേഷ് പറഞ്ഞു.