64 ലക്ഷംപേർക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു

single-img
2 June 2023

കേരളത്തിൽ ഒരു മാസത്തെ ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ വിതരണം ചെയ്യും. സംസ്ഥാനത്താകെ 64 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഇനി രണ്ടു മാസത്തെ പെൻഷൻകൂടി നൽകാനുണ്ട്.

1600 രൂപയാണ് പ്രതിമാസ പെൻഷൻ. കുടിശികയുണ്ടായിരുന്ന രണ്ടു മാസത്തെ പെൻഷനായി 3200 രൂപ ഏപ്രിൽ നാലിന് അനുവദിച്ചിരുന്നു. 1871 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. അടുത്തിടെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. കുറവ് വരുത്തിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്ത് അയച്ചിട്ടുണ്ട്.

ആദ്യം 32,442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി കേന്ദ്രം നൽകിയെങ്കിലും പിന്നീടത് 15,390 കോടിരൂപയായി കുറച്ചു. 2022 നെ അപേക്ഷിച്ച് ഗ്രാന്റിനത്തിൽ 10,000 കോടി രൂപയുടെ കുറവ് വരുത്തിയതിനു പുറമേയാണിതെന്ന് ധനവകുപ്പ് പറയുന്നു. നിലവിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടെങ്കിലും എല്ലാ മാസവും ക്ഷേമപെൻഷൻ നൽകാവുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.