എൻഡിഎയിൽ ചേരുന്നകാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല: എച്ച്ഡി കുമാരസ്വാമി

single-img
17 July 2023

ജെഡിഎസ് ബിജെപി നയിക്കുന്ന എൻഡിഎയുമായി ദേശീയ തലത്തിൽ സഖ്യമുണ്ടാക്കുന്നതിൽ അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി അറിയിച്ചു.ക‍ഴിഞ്ഞ കര്‍ണ്ണാടക സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ നേതൃത്വത്തിലുളള മതേതതര ജനതാദളിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു.

സംസ്ഥാനത്തെ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും വോട്ട് ചോര്‍ച്ചയുണ്ടായി.ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നു. കര്‍ണാടകത്തില്‍ ബിജെപിയുംകടുത്ത പ്രതിസന്ധി നേരിടുകയാണ് . ഈ സാഹചര്യത്തിലാണ് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും ജെഡിഎസ്സും സഖ്യമുണ്ടാക്കി മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

അതേസമയം, കേരളം ഉൾപ്പെടെയുള്ള വിവിധ ജെഡിഎസ് സംസ്ഥാന ഘടകങ്ങള്‍ ബിജെപിയുമായി കൈകോര്‍ക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. അതുകൊണ്ടുതന്നെ, ഇതുവരെ ബിജെപിയുമായി തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് ചർച്ചകൾ ഒന്നും നടത്തിയിട്ടില്ലെന്ന് ജെഡിഎസ് നേതാവ്
എച്ച്ഡി കുമാരസ്വാമി പറഞ്ഞു. നിലവിൽ നാളെ ഡൽഹിയിൽ നടക്കുന്ന എൻഡിഎ യോഗത്തിലേയ്ക്ക് ജെഡിഎസ് നെ ക്ഷണിച്ചിട്ടില്ല.