വിജയ്‌യുടെ ജന്മദിനം ആഘോഷമാക്കി ആരാധകർ

single-img
22 June 2023

തെന്നിന്ത്യൻ സിനിമയുടെ ദളപതിയ്ക്ക് ഇന്ന് ജന്മദിനമാണ് . ലോകമെങ്ങുമുള്ള വിജയ് ആരാധകർ അവരുടെ പ്രിയതാരത്തിന്റെ ജന്മദിന ആഘോഷത്തിലാണ്. ക്ഷേമപ്രവർത്തനങ്ങൾ മുതൽ അദ്ദേഹത്തിന്റെ ഐതിഹാസിക സിനിമകളുടെ റീ-റിലീസ് ഒരുക്കുന്നത് വരെയുള്ള പരിപാടികൾ ഇന്ന് പല സ്ഥലങ്ങളിലായി ആരാധകർ സംഘടിപ്പിച്ചു.

രാജ്യവ്യാപകമായി ആരാധകർ സമ്മാനങ്ങൾ വിതരണം ചെയ്തുകൊണ്ട് ദളപതി വിജയ്‌യുടെ ജന്മദിനം ആവേശത്തോടെ ആഘോഷിക്കുകയാണ്. സൗജന്യ സ്വർണ്ണ മോതിരം മുതൽ പെട്രോളും ബിരിയാണിയും വരെ ഇതിൽ ഉൾപ്പെടുന്നു. അതേസമയം, ആഘോഷ ഭാഗമായി കോയമ്പത്തൂരിലെ ആരാധകർ നവജാത ശിശുക്കൾക്ക് സ്വർണ്ണമോതിരം സമ്മാനിച്ചു.

ഇതോടൊപ്പം തന്നെ, ഫുഡ് ഡെലിവറി പങ്കാളികൾക്ക് അവരുടെ പ്രവർത്തനത്തെ അഭിനന്ദിക്കുന്നതിനായി 220 രൂപ വിലമതിക്കുന്ന ചിക്കൻ ബിരിയാണിയും പെട്രോളും സമ്മാനിച്ചാണ് മധുരയിലെ ആരാധകർ താരത്തിന്റെ ജന്മദിനം ആഘോഷിച്ചത്. വിജയ്‌യുടെ 49-ാം പിറന്നാൾ ആഘോഷിക്കാൻ പുതുച്ചേരിയിലാവട്ടെ, ആരാധകർ കടലിൽ തൂണുകളിൽ ബാനർ സ്ഥാപിച്ചു. അതേസമയം താരത്തിന്റെ പുതിയ ചിത്രമായ ലിയോയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പങ്കുവെച്ചു.