ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചെന്ന് വ്യാജ പ്രചരണം; കേസെടുത്ത് പൊലീസ്

single-img
19 January 2024

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതായി പറയുന്ന വ്യാജ പ്രചരണത്തിനെതിരെ കേസെടുത്ത് കേരള പൊലീസ്. . സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളുടെ ചിത്രം ഉപയോഗിച്ചുകൊണ്ട് ശബരിമലയുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചരണം ശക്തമായപ്പോൾ കേരള പൊലീസ് ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത്.

ഇതുപോലെയുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇരുമുടിക്കെട്ടേന്തിയ 2 യുവതികൾ പതിനെട്ടാം പടിക്ക് സമീപം നിൽക്കുന്നതായുള്ള സെൽഫി വീഡിയോ കൃത്രിമമായി നിർമ്മിച്ചതാണെന്നും പൊലീസ് കണ്ടെത്തി.

സോഷ്യൽ മീഡിയയിൽ ഇത്തരം വ്യജ പ്രചരണം നടത്തുന്നവരെ കണ്ടെത്താനായി സമൂഹമാധ്യമങ്ങളിൽ 24 മണിക്കൂറും കർശന നിരീക്ഷണമുണ്ടായിരിക്കുമെന്ന മുന്നറിയിപ്പും കേരള പൊലീസ് നൽകിയിട്ടുണ്ട്. പത്തനംതിട്ട സൈബർ പൊലീസാണ് കേസ് എടുത്തത്. അക്കൗണ്ട് ഉടമയെ കണ്ടെത്താൻ ശ്രമം ഊർജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.