മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; അധ്യക്ഷന്‍ ആര്‍എസ്എസ് ഏജന്റെന്ന് പാര്‍ട്ടി സ്ഥാനാര്‍ത്ഥി

single-img
30 November 2024

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. നാഗ്പൂർ സെൻട്രലിലെ പാർട്ടി സ്ഥാനാർത്ഥി ബണ്ടി ഷെൽക്കെയാണ് കോണ്‍ഗ്രസ് മഹാരാഷ്ട്ര ഘടകം അധ്യക്ഷന്‍ നാനാ പഠോളെക്ക് എതിരെ രംഗത്തുവന്നത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷമായിരുന്നു ഷെൽക്കെയുടെ പ്രതികരണം.

“എനിക്ക് നാഗ്പൂരില്‍ സീറ്റ് തന്നു. എന്നാല്‍ നേതാക്കള്‍ ആരും പ്രചാരണത്തിന് ഒപ്പം വന്നില്ല. പ്രിയങ്ക ഗാന്ധി നാഗ്പൂരിൽ റോഡ് ഷോയ്‌ക്കായി എത്തിയപ്പോഴും ആരും എത്തിയില്ല. പഠോളെ ആർഎസ്എസിനായി പ്രവർത്തിച്ചുവെന്ന പ്രസ്താവനയിൽ ഞാൻ ഉറച്ചുനില്‍ക്കുന്നു.” – അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പോളിംഗ് ശതമാനത്തിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ പാർട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ തകര്‍ച്ചയെക്കുറിച്ച് നേതാക്കള്‍ മൗനവും പാലിക്കുന്നെന്ന് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. അടുത്ത മാസം നടക്കുന്ന കോണ്‍ഗ്രസ് യോഗങ്ങളിൽ സംഘടനാപരമായ പരാജയം ഉന്നയിക്കാനാണ് നേതാക്കളുടെ നീക്കം.