മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഗ്രഹാം തോര്‍പ്പിന്റെ മരണം ട്രെയിന്‍ ഇടിച്ചെന്ന് കണ്ടെത്തല്‍


മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും വിരമിച്ചശേഷം പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പിന്റെ മരണം ട്രെയിന്‍ ഇടിച്ചാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തല്‍. ഈ മാസം നാലാം തിയതി രാവിലെ 8.30ന് എഷര്‍ റെയില്‍വേ സ്‌റ്റേഷനില്‍വെച്ചാണ് അപകടമുണ്ടായത്
. ട്രെയിന്‍ ഇടിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടതെന്നും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നെന്നും മരണകാരണം സംബന്ധിച്ച വിസ്താരത്തിനിടെ കോടതി വ്യക്തമാക്കി. ശരീരത്തിലേറ്റ ധാരാളം പരിക്കുകളാണ് മരണകാരണമായതെന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനായ സൈമണ്‍ വിക്കന്‍സ് അറിയിച്ചു.
സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ദുരൂഹതകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടന്നയുടന്‍തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്തിയിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. എന്നാല്‍ മരിച്ച വ്യക്തിയുടെ പേരുവിവരങ്ങള്‍ അപ്പോള്‍ വെളിപ്പെടുത്തിയിരുന്നില്ല.
അതേസമയം, ഗ്രഹാം തോര്‍പ്പ് ആത്മഹത്യ ചെയ്തതാണെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞദിവസം ഭാര്യ അമാന്‍ഡ രംഗത്തെത്തിയിരുന്നു. ഏതാനും വര്‍ഷങ്ങളായി കടുത്ത വിഷാദത്തിലായിരുന്നെന്നും ചികിത്സകളൊന്നും ഫലം കണ്ടില്ലെന്നും അവര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.