‘ഇന്ത്യ’ സഖ്യത്തിൽ കൂട്ടായ തീരുമാനം എടുക്കാൻ എല്ലാവരോടും ആലോചിക്കേണ്ടതുണ്ട്: സീതാറാം യെച്ചൂരി

single-img
17 September 2023

രാജ്യത്തെ വിശാല പ്രതിപക്ഷമായ ‘ഇന്ത്യ’ സഖ്യത്തിൽ പ്രത്യേക സമിതികൾക്ക് അടിസ്ഥാനമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതുവരെ ആകെ 20 പാർട്ടികളാണ് സഖ്യത്തിലുള്ളതെന്നും ഒരു സമിതിയും ഈ പാർട്ടികളെ മുഴുവനായി പ്രതിനിധീകരിക്കുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.

ഇന്ത്യ എന്ന സഖ്യത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് അംഗങ്ങളായ പാർട്ടികളിലെ ഉന്നത നേതാക്കളാണെന്നും സഖ്യത്തിൽ കൂട്ടായ തീരുമാനം എടുക്കാൻ എല്ലാവരോടും ആലോചിക്കേണ്ടതുണ്ടെന്നും യെച്ചൂരി കൂട്ടിചേർത്തു.

നേരത്തെ സഖ്യത്തിന്റെ ഏകോപന സമിതി സംഘടിപ്പിച്ചതിൽ സിപിഎം പിബിയിൽ എതിർപ്പ് ഉയർന്നിരുന്നു. കോൺഗ്രസിലെ കെ സി വേണുഗോപാൽ ഉൾപ്പെടുന്ന സമിതിയിൽ അംഗമാകുന്നതിനെ കേരളത്തിൽ നിന്നുള്ള നേതൃത്വം എതിർത്തിരുന്നു. ഈ സമിതിയിൽ സഹകരിക്കുന്നത് കേരളത്തിൽ തിരിച്ചടിയെന്നാണ് നേതാക്കളുടെ നിലപാട്.

ഇന്ത്യ സഖ്യത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന സമിതികൾ ഉണ്ടാകരുതെന്ന് പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. സഖ്യത്തിലെ തീരുമാനങ്ങൾ എടുക്കുന്നത് ഉന്നത പാർട്ടി നേതൃത്വങ്ങൾ ആണ്. അത് തടസ്സപ്പെടുത്തുന്ന രീതിയിൽ സമിതികൾ ഉണ്ടാകാൻ പാടില്ലെന്നും പിബി ചൂണ്ടിക്കാണിച്ചു.