വസ്ത്രാക്ഷേപമാണ് അവര്‍ നടത്തിയത്, ഇനി മഹാഭാരത യുദ്ധം നിങ്ങള്‍ക്ക് കാണാമെന്ന് മഹുവ; എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ലോക്‌സഭയില്‍

single-img
8 December 2023

പാർലമെന്റിൽ ചോദ്യത്തിന് കോഴ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. ലോക്‌സഭയില്‍ ബെഞ്ചില്‍ റിപ്പോര്‍ട്ട് വെച്ചതോടെ കനത്ത പ്രതിഷേധമാണ് പ്രതിപക്ഷ സഖ്യം ഉയര്‍ത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞ് ലോക്‌സഭയിൽ അവതരിപ്പിച്ച റിപ്പോർട്ട് ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റത്തിന് കാരണമായി.

ഈ വിഷയത്തിൽ വിശദമായ ചർച്ചയും വോട്ട് വിഭജനവും സർക്കാരിനെ നിർബന്ധിതമാക്കാൻ ആവശ്യപ്പെട്ടു. മോയിത്രയെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോക്‌സഭ ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവച്ചു. പാസായാൽ ബി.ജെ.പിയുടെ വൻ ഭൂരിപക്ഷത്തിൽ പ്രമേയം പാസാക്കും. അതേസമയം , മഹുവ മൊയ്ത്രക്കെതിരായ നടപടി പകപോക്കല്‍ മാത്രമാണെന്ന് സിപിഎമ്മും നിലാപാട് വ്യക്തമാക്കിയിട്ടുണ്ട്. ആരോപണങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നും സ്വകാര്യജീവിതത്തിലുണ്ടാകുന്ന വിഷയങ്ങള്‍ പര്‍വതീകരിച്ച് അംഗത്തെ പുറത്താക്കുന്നത് പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമാകുമെന്നും സിപിഎം പ്രതികരിച്ചു.

പ്രതിപക്ഷ ഇന്ത്യ സംഖ്യം എംപിമാര്‍ പാര്‍ലമെന്റിന്റെ നടുക്കളത്തിലിറങ്ങി പ്രതിഷേധിക്കുകയും മഹുവയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി സഭയില്‍ ശബ്ദമുയര്‍ത്തുകയും ചെയ്തു. പ്രതിഷേധം കനത്തതോടെ ലോക്‌സഭ രണ്ട് മണിവരെ നിര്‍ത്തിവെയ്ക്കുകയാണ് ചെയ്തത്. മഹുവയെ പുറത്താക്കുന്ന നടപടിയെ എതിര്‍ക്കുമെന്ന് ‘ഇന്ത്യ’ മുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ മുന്നണിയിലെ പ്രധാനിയായ കോണ്‍ഗ്രസും എല്ലാ അംഗങ്ങളും സഭയിലെത്തണമെന്ന് വിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ന് രാവിലെ പാര്‍ലമെന്റിലെത്തിയ മഹുവ ശക്തമായ ഭാഷയിലാണ് നടപടിയെ കുറിച്ച് പ്രതികരിച്ചത്. ” വസ്ത്രാക്ഷേപമാണ് അവര്‍ നടത്തിയത്, ഇനി മഹാഭാരത യുദ്ധം നിങ്ങള്‍ക്ക് കാണാം. മാ ദുര്‍ഗ വന്നിരിക്കുകയാണ്, ഇനി നമുക്ക് കാണാം. നാശം മനുഷ്യനിലേക്ക് എത്തുമ്പോള്‍ ആദ്യം നശിക്കുന്നത് വിവേകമായിരിക്കും.” – അവർ പറഞ്ഞു.

ബിജെപി അംഗം വിനോദ് സോങ്കര്‍ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റി മഹുവയ്ക്കെതിരെ പുറത്താക്കല്‍ നടപടി വേണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പിനെതിരെ ചോദ്യമുന്നയിക്കാന്‍ ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്നു കോഴ സ്വീകരിച്ചെന്നും ചോദ്യങ്ങള്‍ നല്‍കാനുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ മെംബേഴ്‌സ് പോര്‍ട്ടലിന്റെ ലോഗിന്‍ ഐഡിയും പാസ്‌വേഡും ഹിരാനന്ദാനിക്കു കൈമാറിയെന്നതുമാണു മഹുവയ്‌ക്കെതിരായ വിവാദം.